thrissur local

ആന എഴുന്നെള്ളിപ്പിന് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം: ജില്ലാ കലക്ടര്‍

തൃശൂര്‍: ഈ വര്‍ഷത്തെ പൂരം സംബന്ധിച്ച ഒരുക്കങ്ങള്‍ കലക്‌ട്രേറ്റില്‍ ജില്ലാ കലക്ടര്‍ വി രതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
എഴുന്നെള്ളിപ്പിനുള്ള ആനകളെ മൃഗസംരക്ഷണ വകുപ്പിലെയും വനം-വന്യജീവി വകുപ്പിലെയും ഉദേ്യാഗസ്ഥര്‍ മുന്‍കൂട്ടി പരിശോധിച്ച് മദപ്പാടിന്റെ ലക്ഷണങ്ങളോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ അക്രമപ്രവണത കാട്ടിയതായി ചരിത്രമുള്ള ആനകളെയും എഴുന്നള്ളിപ്പില്‍ നിന്ന് ഒഴിവാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. പൂരത്തിന് നഗരത്തിലെത്തുന്നവര്‍ക്ക് ശുദ്ധമായ കുടിവെളളവും ഭക്ഷണവും ലഭ്യമാക്കുന്നതിന് തൃശൂര്‍ നഗരസഭ കോര്‍പറേഷനും ഭക്ഷ്യ സുരക്ഷാവിഭാഗവും ജല അതോറിറ്റിയും നടപടി സ്വീകരിക്കണം.
ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും വിലയും നിശ്ചിത അളവും ഉറപ്പ് വരുത്തുന്നതിന് നടപടിയുണ്ടാകണമെന്നും കലക്ടര്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഘടകപൂരങ്ങളും കുടമാറ്റം തുടങ്ങിയ അനുഷ്ടാനങ്ങളും നിശ്ചിത സമയക്രമമനുസരിച്ച് തന്നെ പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ പൂരം സംഘാടക സമിതി ഭാരവാഹികളോടഭ്യര്‍ഥിച്ചു.പൂരത്തോടനുബന്ധിച്ച് നഗരത്തിലുണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കുന്നതിന് ആവശ്യമായ ട്രാഫിക് ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജില്ലാ പോലിസ് മേധാവി(സിറ്റി) കെജി സൈമണ്‍ അറിയിച്ചു.
കൂടാതെ ഹെലികോപ്റ്ററുകള്‍ പറത്തുന്നതിനും ഹെലികാമുകള്‍, വന്‍തോതില്‍ ശബ്ദമലിനീകരണത്തിനിടയാക്കുന്ന വിസിലുകള്‍ തുടങ്ങിയവയുടെ ഉപയോഗത്തിനും നിയന്ത്രണമുണ്ടാകുമെന്നും ജില്ലാ പോലിസ് മേധാവി അറിയിച്ചു. പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് തൃശൂര്‍ നഗരസഭ കോര്‍പറേഷന്റെ ഭാഗത്ത് നിന്ന് പൂര്‍ണപിന്തുണയുണ്ടാകുമെന്ന് യോഗത്തില്‍ സംബന്ധിച്ച മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. എഡിഎം കെ ശെല്‍വരാജ്, തൃശൂര്‍ സബ് കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എ ഷിബു, ജോസഫ് സെബാസ്റ്റ്യന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ. എം മാധവന്‍കുട്ടി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ മനോഹരന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it