Readers edit

ആന്റണിയുടെ ടിക്കറ്റും കോണ്‍ഗ്രസ് ഗ്രൂപ്പുകളിയും

ആന്റണിയുടെ ടിക്കറ്റും  കോണ്‍ഗ്രസ് ഗ്രൂപ്പുകളിയും
X
slug-avkshngl-nishdnglശശി വര്‍മ, എടപ്പാള്‍

കോണ്‍ഗ്രസ്സിലെ യൂത്തും മഹിളകളും സ്ഥാനാര്‍ഥി ആവശ്യങ്ങള്‍ക്കായി എഐസിസി വാതില്‍പ്പടികള്‍ കയറിയിറങ്ങുന്ന തിരക്കിലാണ് രാജ്യസഭാ മെംബറെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. പുതിയ തലമുറകള്‍ക്കായി നെഞ്ചും ശ്വാസവും അടക്കിപ്പിടിച്ച് കുരയ്ക്കാന്‍ വെമ്പുന്ന ഒരു രാഷ്ട്രീയപ്രമാണിയുടെയും ശബ്ദം ഈ നിലപാടിനെതിരേ ഉണ്ടായില്ല. കേരളത്തില്‍ വന്നു നേതൃത്വം കൈയാളുന്നത് മഹാവിഡ്ഢിത്തമാണെന്ന് ഡല്‍ഹിയില്‍ പ്രസ്താവന നടത്തിയ ആദര്‍ശവീരനെയാണ് കെപിസിസി രാജ്യസഭയിലേക്ക് അയക്കുന്നത് എന്നത് ആ പാര്‍ട്ടിയുടെ ദൗര്‍ബല്യമാണു പ്രകടമാക്കുന്നത്. എ കെ ആന്റണിയെ വീണ്ടും രാജ്യസഭയില്‍ വാഴിച്ചുകൊണ്ട് എന്തു കോപ്പാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന് കിട്ടുകയെന്നു വ്യക്തമല്ല.
മന്ത്രിയും തുടര്‍സഭകളില്‍ അംഗമായിട്ടും ഏതു രാഷ്ട്രീയചര്‍ച്ചകളിലാണ് ആന്റണി ഇക്കാലത്തിനുള്ളില്‍ മികവു കാണിച്ചിട്ടുള്ളത് എന്ന സംശയം വേറെ. രാഷ്ട്രപതിയും ഗവര്‍ണറും ഒക്കെയാവാനാണ് ആന്റണിയുടെ ഇനിയുള്ള യോഗ്യത. ഭരണഘടനാപദവിയിലിരുന്ന് വല്ലപ്പോഴും ഒരു കൈയൊപ്പ് മാത്രം. സ്ഥാനാര്‍ഥിത്വം സ്വീകരിച്ചതു വഴി ആന്റണി ആദര്‍ശധീരതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നു എന്നേ പറയാനാവൂ. യുവാക്കളെ അധികാരസ്ഥാനത്തേക്ക് അയക്കണമെന്ന അദ്ദേഹത്തിന്റെ എക്കാലത്തെയും വാദങ്ങള്‍ എവിടെപ്പോയി? അലക്കിതേച്ച ഖദര്‍ ധരിക്കുന്ന നേതാക്കള്‍ അവതരിപ്പിക്കുന്ന ഗ്രൂപ്പുകളികള്‍ക്കിടയില്‍ ഞെരിഞ്ഞമരുന്ന പാര്‍ട്ടിയെ മോചിപ്പിക്കാന്‍ ആന്റണിക്കാണെങ്കില്‍ ആവുന്നുമില്ല. പാര്‍ലമെന്റില്‍ ചാക്കോയുടെ തിളക്കം വേറിട്ടതായിരുന്നു. കാര്യങ്ങള്‍ പഠിച്ചു പറയാന്‍ ഇങ്ങനെ യോഗ്യനായ മറ്റൊരാള്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇദ്ദേഹത്തെ രാജ്യസഭയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസ്സുകാരുടെ നാക്ക് ഉയര്‍ന്നുവരാത്തതിനു കാരണം ഗ്രൂപ്പാണ്.
പത്മജ, ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ ഒരു വലിയ വനിതാ പട ആ പാര്‍ട്ടിയിലുണ്ട്. ഇപ്പുറത്ത് യൂത്ത് നേതാക്കളുടെ എണ്ണവും ചെറുതല്ല. കെഎസ്‌യുവിലൂടെ പാര്‍ട്ടിക്കു വേണ്ടി തല്ലുവാങ്ങുന്ന ഒരാളെപ്പോലും പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ടുവരാത്തത് ആശ്ചര്യകരമാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ വളര്‍ത്തുന്നതിലേ താല്‍പര്യമുള്ളൂ. യോഗ്യതയല്ല മാനദണ്ഡം, മറിച്ച് നിലനില്‍പ്പ് രാഷ്ട്രീയമാണ് ഇവരുടെ അജണ്ട. അഴിമതിയാരോപിതനായി രാജിവച്ച മന്ത്രി ബാബുവിന്റെ രാജിക്കത്ത് മൂന്നുദിവസം ഒത്തുകളിയുടെ ഭാഗമായി പോക്കറ്റിലിട്ടു നടന്ന സൂത്രശാലിയായ നേതാവാണു ചാണ്ടി. ചെന്നിത്തലയാണെങ്കില്‍ മുഖ്യനെതിരേ തുറന്ന കത്തെഴുതി. ഒടുവില്‍ ഗുലുമാലായി. അങ്ങനെയൊരു എഴുത്ത് എഴുതിയിട്ടില്ലെന്നു വരുത്താന്‍ പാടുപെട്ടു. ലീഡറുടെ മകനായി എന്നതുകൊണ്ടുമാത്രം സത്യത്തില്‍ തഴയപ്പെട്ട ആളായി കെ മുരളീധരന്‍ മാറി. മന്ത്രിയും കെപിസിസി അധ്യക്ഷനും എംപിയുമായ മുരളിയെ മൂലയ്ക്കിരുത്താനാണ് ഇപ്പോഴും പാര്‍ട്ടിയില്‍ ഗ്രൂപ്പ് നേതാക്കള്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നത് ഇവരാരുമല്ല. പാര്‍ട്ടിയിലെ അഴിമതിയെ ചെറുക്കാന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ ഉല്‍സാഹം കാണിക്കുന്നു. പ്രതാപന്‍, വി ഡി സതീശന്‍ തുടങ്ങിയവരും വലിയ ഉല്‍സാഹം കാണിക്കുന്നു. അവര്‍ക്കൊന്നും സ്ഥാനം നല്‍കാതിരിക്കുന്നതിലാണ് ഗ്രൂപ്പുകളിയുടെ വിജയം. തുടര്‍ച്ചയായി പദവികളില്‍ എത്തിയവരെ തുടര്‍ച്ചയായി ആ സ്ഥാനങ്ങളില്‍ അവരോധിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദുസ്ഥിതി തന്നെയാണ് അനാവരണം ചെയ്യപ്പെടുന്നത്. എന്നാല്‍, പുതുതലമുറയെ തഴയുക എന്ന രീതിയുമായി അധികകാലം പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ല. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനമോഹികളുടെ എണ്ണം കോണ്‍ഗ്രസ്സില്‍ വര്‍ധിക്കുന്നു. എംഎല്‍എ ആയവര്‍ വീണ്ടും ഈ ഗോദയില്‍ കളിക്കുന്നു. ഈ അവസ്ഥയ്ക്കാണ് കോണ്‍ഗ്രസ്സില്‍ മാറ്റം വരുത്തേണ്ടത്.
Next Story

RELATED STORIES

Share it