ആന്തൂര്‍ നഗരസഭ: 10 വാര്‍ഡുകളില്‍ സിപിഎമ്മിന് എതിരാളികളില്ല

കണ്ണൂര്‍: പുതുതായി രൂപീകരിച്ച ആന്തൂര്‍ നഗരസഭയില്‍ ആകെയുള്ള 28 സീറ്റുകളില്‍ 10 എണ്ണത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരാളികളില്ല. ഇവരെല്ലാം സിപിഎമ്മിലെ വനിതാ പ്രതിനിധികളാണ്. ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി പി കെ ശ്യാമളയ്ക്കും എതിരില്ല. സിപിഎം 27 വാര്‍ഡുകളിലും സിപിഐ ഒരു സീറ്റിലുമാണ് ഇവിടെ ജനവിധി തേടുക. തളിപ്പറമ്പിലെ പ്രാദേശിക പത്രമായ മക്തബിന്റെ ഉടമ പി കെ മുജീബുര്‍റഹ്മാനാണ് (പുന്നക്കുളങ്ങര വാര്‍ഡ്) ഏക സിപിഐ സാരഥി. മൊറാഴ- പി കെ ശ്യാള, മുണ്ടപ്രം- എം പ്രീത, മൈലാട്- എം സതി, കോടല്ലൂര്‍- പി പി ഉഷ, പറശ്ശിനിക്കടവ്-കെ പി ശ്യാമള, തളിവയല്‍- ടി യു സുനിത, സി എച്ച് നഗര്‍- ഒ പ്രീത, അഞ്ചാംപീടിക- എം വി സരോജം, വേണിയില്‍-എ പ്രിയ, പാളിയത്തുവളപ്പ്- ടി ലത എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍. ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയായ ആന്തൂര്‍ 15 വര്‍ഷത്തോളം തളിപ്പറമ്പ് നഗരസഭയുടെ ഭാഗമായിരുന്നു.

1990ല്‍ ആന്തൂര്‍ പഞ്ചായത്തിനെ ഉള്‍പ്പെടുത്തി തളിപ്പറമ്പ് നഗരസഭയ്ക്ക്  എല്‍ഡിഎഫ് സര്‍ക്കാരാണു രൂപംനല്‍കിയത്. എന്നാല്‍ 1992ല്‍ യുഡിഎഫ് സര്‍ക്കാര്‍ ആന്തൂരിനെ ഒഴിവാക്കി പഴയ തളിപ്പറമ്പ് പഞ്ചായത്ത് മാത്രം ഉള്‍പ്പെടുത്തി തളിപ്പറമ്പ് നഗരസഭ രൂപീകരിച്ചു. ഇതേത്തുടര്‍ന്ന് 1995ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണസമിതി അധികാരത്തിലേറി. എന്നാല്‍ 2000ല്‍ ഇടതുസര്‍ക്കാര്‍ വീണ്ടും ആന്തൂരിനെ തളിപ്പറമ്പിനോട് കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേറി. 2005ല്‍ യുഡിഎഫ്‌സര്‍ക്കാര്‍ വീണ്ടും ആന്തൂരിനെ വേര്‍പെടുത്തി. എന്നാല്‍ പിന്നീട് ഇടതുസര്‍ക്കാര്‍ ആന്തൂരിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ജയം എല്‍ഡിഎഫിന്. തളിപ്പറമ്പ് നഗരസഭയിലെ 44 വാര്‍ഡുകളില്‍ 20 വാര്‍ഡുകളാണു പുതിയ ആന്തൂരില്‍ ഉള്‍പ്പെടുത്തിയത്.  ആന്തൂര്‍, മോറാഴ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ആന്തൂര്‍ നഗരസഭ. 28.44 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. 28 വാര്‍ഡുകളില്‍ 14 ജനറല്‍ വാര്‍ഡുകളും ഒരു പട്ടികജാതി സംവരണ വാര്‍ഡും 13 വനിതാ വാര്‍ഡും ഉണ്ട്.
Next Story

RELATED STORIES

Share it