ആനക്കൊമ്പ് കേസന്വേഷണം കേരളത്തിനു പുറത്തേക്ക്

തിരുവനന്തപുരം: ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിപ്പിക്കുന്നു. അന്വേഷണത്തിനായി സഹായമാവശ്യപ്പെട്ട് തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കു കത്തുനല്‍കുമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതിനിടെ കേസിലെ മുഖ്യപ്രതിയായ ആനക്കൊമ്പ് വ്യാപാരി  ഉമേഷ് അഗര്‍വാളിന് ആനക്കൊമ്പ് ശില്‍പ്പങ്ങള്‍ നിര്‍മിച്ചുനല്‍കിയ മൂന്നുപേരെക്കൂടി പിടികൂടി. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി ഹേമന്ത് കുമാര്‍ (53), പൂജപ്പുര സ്വദേശി ചുള്ളി വിക്രമന്‍ (58), വിദ്യാശങ്കര്‍ (58) എന്നിവരാണു പിടിയിലായത്. നേരത്തെ അറസ്റ്റിലായ മുഖ്യപ്രതി ഈഗിള്‍ രാജന്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഉമേഷ് അഗര്‍വാളില്‍ നിന്നു ലഭിച്ച സൂചനയനുസരിച്ച് കൊമ്പുകളും അതുകൊണ്ടുള്ള അലങ്കാരശില്‍പ്പങ്ങളും വാങ്ങിയവരുടെ വിവരങ്ങള്‍ വനംവകുപ്പ് ശേഖരിച്ചുതുടങ്ങിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇതു നിര്‍മിച്ച മൂന്നുപേര്‍ പിടിയിലാവുന്നത്. എണ്‍പതുകളുടെ പകുതിയോടെ ആനക്കൊമ്പ് വ്യാപാരം തുടങ്ങിയ ഉമേഷ് അഗര്‍വാളിന് രാജ്യത്തിനകത്തും പുറത്തും നിരവധി ബന്ധങ്ങളുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അജി ബ്രൈറ്റും പ്രിസ്റ്റണ്‍ സില്‍വയുമാണു കേരളത്തിലെ ഡീലര്‍മാര്‍. തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കൊല്‍ക്കത്ത, മുംബൈ നഗരങ്ങളിലും ഇടപാടുകാരുണ്ടെന്ന് ഇയാള്‍ സമ്മതിച്ചതായാണു വിവരം. രാജ്യത്തെ പ്രമുഖ വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരുമായി വ്യാപാരബന്ധമുണ്ടെന്നാണു മൊഴി. ഈഗിള്‍ രാജന്‍, ഉമേഷ്, അജി ബ്രൈറ്റ് എന്നിവരെ ഒന്നിച്ചിരുത്തിയാണ് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യുന്നത്. ഇന്ന് അവസാനിക്കുന്ന ഉമേഷിന്റെ കസ്റ്റഡി കാലാവധി നീട്ടാന്‍ കോടതിയെ സമീപിക്കാനാണു വനംവകുപ്പിന്റെ തീരുമാനം. ആനക്കൊമ്പ് കടത്തുകാരില്‍ പ്രധാനിയായ സിന്ധുവെന്ന തങ്കച്ചി വിദേശത്തേക്കു കടന്നതായി സംശയിക്കുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞദിവസം ഡല്‍ഹിയിലെ ഉമേഷ് അഗര്‍വാളിന്റെ ഒളിത്താവളത്തില്‍നിന്ന് 20 കോടിയുടെ ആനക്കൊമ്പാണ് അന്വേഷണസംഘം പിടിച്ചെടുത്തത്. ഡല്‍ഹിയിലെയും മുംബൈയിലെയും സമ്പന്നര്‍ക്കു വില്‍ക്കാനായി തയ്യാറാക്കിവച്ചിരുന്ന 160 ശില്‍പ്പങ്ങളും 39 പെട്ടികളിലാക്കി ഒളിപ്പിച്ചിരുന്ന 520 കിലോ ആനക്കൊമ്പുകളും ഡല്‍ഹി പോലിസിന്റെ കൂടി സഹായത്തോടെയാണു പിടികൂടിയത്.
Next Story

RELATED STORIES

Share it