palakkad local

ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മാണം പാതി വഴിയില്‍

സി കെ ശശിചാത്തയില്‍

ആനക്കര: ആനക്കര ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗ്രൗണ്ട് നിര്‍മാണം പാതിവഴിയിലായി. പിന്നാക്ക ജില്ലയായ പാലക്കാടിന് ബിആര്‍ജിഎഫ് പദ്ധതി പ്രകാരം അനുവദിച്ച 25ലക്ഷം രൂപയുടെ പദ്ധതി നിര്‍ത്തിയതാണ് നിര്‍മാണം സ്തംഭിക്കാന്‍ കാരണമായത്. ഗ്രൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ആദ്യഘട്ടം ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപ്രകാരമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നാണ് ഗ്രൗണ്ടിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം അടക്കമുളള പ്രവര്‍ത്തനത്തിന് 25 ലക്ഷം രൂപ ് ബിആര്‍ജിഎഫ് പദ്ധതി പ്രകാരം അനുവദിച്ചത്.
എന്നാല്‍ നിര്‍മാണം വൈകിയതിനിടയിലാണ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതോടെ ഈ സ്‌കൂളിലെ ആയിരകണക്കിന് വിദ്യാര്‍ഥികളുടെ കായിക പ്രവര്‍ത്തനങ്ങള്‍ നിലച്ചു.പാര്‍ശ്വഭിത്തി കെട്ടിയ ശേഷം മണ്ണിട്ട് ഗ്രൗണ്ട് ശരിയാക്കുകയും ഗ്രൗണ്ടില്‍ പെയ്യുന്ന മഴ വെളളം ഒഴുകിപോകുന്നതിനുളള സൗകര്യം ഒരുക്കുകയും ഉള്‍പ്പെടുന്നതാണ് പദ്ധതി.
എന്നാല്‍ മഴക്കാലത്ത് ഗ്രൗണ്ടിലെ മണ്ണ് ഒലിച്ചു പോയി ചാലായതിനാല്‍ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ അടക്കമുളള പരിശീലനത്തിന് വഴിയടഞ്ഞിരിക്കുകയാണ്.
എന്നാല്‍ കുട്ടികള്‍ കല്ലും മറ്റും നിറഞ്ഞ ഗ്രൗണ്ടില്‍ പരിശീലനം നടത്തിയാണ് പല തവണ സബ്ജില്ലയിലും ജില്ലയിലും സുബ്രതാ കപ്പ് ഫുട്‌ബോളില്‍ മിന്നുന്ന പ്രകടനം കാഴ്ച്ചവെച്ചിരുന്നത്. ഇതിന് പുറമെ കായിക മേളകളിലും കുട്ടികള്‍ നിലവാരമുയര്‍ത്തിയിരുന്നു. സ്‌കൂളില്‍ കായിക അധ്യാപകന്‍ ഉണ്ടെങ്കിലും നല്ല ഗ്രൗണ്ടില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിശീലനം നല്‍കാന്‍ കഴിയുന്നില്ല.
മലപ്പുറം,പാലക്കാട് ജില്ലയില്‍ നിന്നുളള ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണിത്. ഇപ്പോള്‍ മഴയില്‍ ഉളള മണ്ണും ഒലിച്ച് പോയി പലയിടത്തും ചാലുകള്‍ രൂപം കൊണ്ടിട്ടുണ്ട്.
ഇതെല്ലാം തരണം ചെയ്തു കൊണ്ടാണ് വരുന്ന സുബ്രതാ കപ്പ് ഫുട്‌ബോളില്‍ മത്സരിക്കാനുളള പരിശീലനം നടക്കുന്നത്. സ്‌കൂള്‍ ഗ്രൗണ്ടിന് വേണ്ടത്ര സ്ഥലവുമുണ്ട്. ഇരുനൂറ് മീറ്ററിന്റെ നല്ല ട്രാക്ക് ഉണ്ടാക്കാനും ഫുട്‌ബോള്‍,ജാവലിന്‍ത്രോ, ജംമ്പിങ്ങ് പിച്ച് എന്നിവയുണ്ടാക്കാനും ഇവയില്ലെല്ലാം പരിശീലനങ്ങള്‍ നടത്താനും സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിയും.എന്നാല്‍ ഇതിനാവശ്യമായ ഫണ്ട്, എംഎല്‍എ,ത്രീതല പഞ്ചായത്തുകള്‍ എന്നിവ അനുവദിക്കേണ്ടതുണ്ട്.
Next Story

RELATED STORIES

Share it