ആധാര്‍ യുഐഡി വായ്പയെടുക്കാനുള്ള ഈടായി മാറും: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

കൊച്ചി: ആധാര്‍ നമ്പര്‍ സംബന്ധിച്ച അവ്യക്തതകള്‍ മാറുന്നതോടെ വായ്പയെടുക്കാനുള്ള ഈടായി ആധാര്‍ യുഐഡി മാറുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. കൊച്ചിയില്‍ ഫെഡറല്‍ ബാങ്കിന്റെ 14ാമത് കെ പി ഹോര്‍മിസ് അനുസ്മരണച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വായ്പയെടുക്കലിനുള്ള നടപടികള്‍ കാര്യക്ഷമവും ലളിതവുമാവാന്‍ ഈ യുഐഡി നമ്പര്‍ സഹായകമാവും. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തുകയാണെങ്കില്‍ ഈ നമ്പറാവും ഈടായി ഉപയോഗിക്കുക. വിദ്യാഭ്യാസ വായ്പ അടക്കമുള്ള വായ്പകള്‍ ലഭിക്കാനുള്ള ഏറ്റവും കാര്യക്ഷമമായ മാര്‍ഗങ്ങളിലൊന്നായി ഇതു മാറും. വായ്പാ ലഭ്യത കൂടുതല്‍ അനായാസമാവുകയും കാലതാമസം ഒഴിവാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കിങ് പാപ്പരത്തം സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതു പ്രാവര്‍ത്തികമാവുന്നതോടെ ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കല്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നടപ്പാക്കാനാവുകയും മികച്ച ബാങ്കിങ് നടപടിക്രമം നിലവില്‍ വരാന്‍ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കുകള്‍ നേരിടുന്ന ആസ്തി ബാധ്യതാ പ്രശ്‌നത്തിന് ഇതൊരു പരിഹാരമാകും. അനധികൃതമായി നിക്ഷേപം സ്വീകരിച്ച് മുങ്ങുന്ന സ്ഥാപനങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരുന്നതിനായി കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. ബാങ്കിങ് മേഖല കനത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോഴും ബാങ്കിങ് സേവനങ്ങള്‍ എല്ലാ ഇന്ത്യക്കാരിലേക്കും കാര്യക്ഷമമായും വേഗത്തിലും എത്തിക്കുന്നതിന് ഡിജിറ്റല്‍ ബാങ്കിങ് സഹായകമാവും. സാധാരണക്കാരെ ബാങ്കിങിലേക്കു കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചാണ് പേമെന്റ് ബാങ്കുകളും ചെറുബാങ്കുകളും കൊണ്ടുവരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്ക് നിക്ഷേപം സ്വീകരിക്കാതെതന്നെ കൂടുതല്‍ പേരെ ധനകാര്യസംവിധാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയും. കഴിഞ്ഞവര്‍ഷം രണ്ടു ബാങ്കുകള്‍ക്ക് അനുമതി നല്‍കിയതിനു പുറമേ നടപ്പുവര്‍ഷം കൂടുതല്‍ ചെറുകിട, പേമെന്റ് ബാങ്കുകള്‍ പ്രവര്‍ത്തനക്ഷമമാവും.
ബാങ്കിങ് രംഗത്ത് സാങ്കേതിക മുന്നേറ്റം കൈവരിക്കുന്നതിനോടൊപ്പം സാമ്പത്തിക സുരക്ഷയ്ക്കും മുന്‍ഗണന നല്‍കേണ്ടതുണ്ട്. സമ്പാദ്യശീലം വളര്‍ത്തുന്നതിന് ബാങ്കുകള്‍ വിവിധതരം സമ്പാദ്യ പദ്ധതികള്‍ക്കു രൂപംകൊടുക്കണമെന്നും വായ്പ എടുക്കുക എന്നത് ബാങ്കിങ് സേവനത്തിന്റെ അവസാനപടിയായി കരുതണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് ചെയര്‍മാന്‍ നിലേഷ് ശിവജി വികംസേ, മാനേജിങ് ഡയറക്ടര്‍ ശ്യാം ശ്രീനിവാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it