ആധാരം: ഉത്തരവ് ചൂഷണം മറികടക്കാന്‍ സഹായകമാവും

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സ്വന്തമായി ആധാരം എഴുതാനുള്ള അധികാരം നല്‍കി സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവ് ഈ മേഖലയിലെ ചൂഷണം മറികടക്കാന്‍ സഹായകമാവും. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കരണമാണ് പുതിയ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ആധാരം എഴുത്തിലെ കുത്തക ഒഴിവാകും. നേരത്തെ പ്രത്യേക ലൈസന്‍സ് ലഭിച്ചവര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായിരുന്നു ആധാരം എഴുതാനുള്ള അവകാശം. 1958ലെ നിയമംവഴിയാണ് ആധാരമെഴുതുന്നതിന് ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍, ആധാരമെഴുത്ത് മേഖലയില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പുതിയ ഉത്തരവ് തിരിച്ചടിയാവും. 314 സബ് രജിസ്ട്രാര്‍ ഓഫിസുകളിലായി ആധാരമെഴുതാന്‍ ലൈസന്‍സുള്ള 6,000ഓളം പേരും അതിന്റെ ഇരട്ടിയിലേറെ ആധാരം എഴുത്ത് തൊഴിലായി സ്വീകരിച്ചിട്ടുള്ളവരും ഉണ്ട്. എല്ലാവര്‍ക്കും ചെയ്യാമെന്നാവുമ്പോള്‍ ഇവരുടെ തൊഴിലിനെ അത് സാരമായി ബാധിക്കും. മൂന്നുമുതല്‍ അഞ്ചുലക്ഷം വരെയുള്ള ആധാരങ്ങള്‍ക്ക് 5,000 രൂപയാണ് ആധാരമെഴുത്തുകാര്‍ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എട്ടുലക്ഷത്തിന് മുകളില്‍ എത്ര രൂപയാണെങ്കിലും 7500 രൂപ നല്‍കിയാല്‍ മതിയാവും. എന്നാല്‍, സാധാരണ ജനങ്ങളുടെ അജ്ഞത മുതലെടുത്ത് കനത്ത ഫീസ് ആധാരമെഴുത്തുകാര്‍ ഈടാക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. എട്ടുലക്ഷത്തിന് മുകളിലുള്ള ആധാരങ്ങള്‍ക്ക് ഓരോ എട്ട് ലക്ഷത്തിനും 7,500 രൂപ വീതം ഈടാക്കിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതിയുയര്‍ന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ആധാരമെഴുത്ത് മേഖലയില്‍ സുതാര്യത ഉറപ്പാക്കാനും നടപടിക്രമം ലളിതമാക്കാനും തീരുമാനിച്ചത്.
ആധാരം എഴുതുന്നതിന്റെ മാതൃക രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അതനുസരിച്ച് നിശ്ചിത മുദ്രപത്രത്തില്‍ എഴുതി രജിസ്ട്രാര്‍ ഓഫിസില്‍ നല്‍കിയാല്‍ മതി. നിലവില്‍ ലൈസന്‍സുള്ള ആധാരം എഴുത്തുകാരന്റെ പേര് എഴുതുന്ന സ്ഥാനത്ത് ആരാണോ ആധാരമെഴുതുന്നത് അയാളുടെ പേര് എഴുതിയാല്‍ മതിയാവും. പൊതുജനങ്ങള്‍ക്കായി 19 ഇനം ആധാരങ്ങളുടെ മാതൃകയാവും പ്രസിദ്ധീകരിക്കുക. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ഇതുസംബന്ധിച്ച തീരുമാനമെടുത്തിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ അപ്പോള്‍ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കാന്‍ കഴിഞ്ഞില്ല.
Next Story

RELATED STORIES

Share it