Alappuzha local

ആദ്യ മന്ത്രിസഭാ തീരുമാനം മഴക്കാല പൂര്‍വ ശുചീകരണം: ജില്ലയ്ക്ക് ആശ്വാസം

ആലപ്പുഴ: മഴക്കാല പൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട ആദ്യ മന്ത്രിസഭാ തീരുമാനം ജില്ലക്ക് ആശ്വാസം പകര്‍ന്നു. എലിപ്പനിയും ഡെങ്കിപ്പനിയുമടക്കം നിരവധി പകര്‍ച്ചാവ്യാധികള്‍ ജില്ലയില്‍ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്തുവരികയാണ് .
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിലും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനത്തിലും ബന്ധപ്പെട്ട അധികാരികള്‍ കടുത്ത അലംഭാവം കാട്ടുന്നുവെന്ന കടുത്ത വിമര്‍ശനം നാട്ടില്‍ ഉയരുമ്പോഴാണ് ഇക്കാര്യത്തില്‍ ശക്തമായ തീരുമാനം പ്രഥമ മന്ത്രിസഭാ യോഗം തന്നെ കൈക്കൊണ്ടത്. 27ന് തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച യോഗം ചേരുമെന്ന മുഖ്യമന്ത്രിയുടെ അറിയിപ്പ് ജനങ്ങളില്‍ പ്രതീക്ഷഏറ്റിട്ടുണ്ട്. തിരുവനന്തപുരം യോഗത്തിനുശേഷം വളരെവേഗം ഇക്കാര്യത്തില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പ്ലാസ്റ്റിക്, ഇറച്ചി മാലിന്യം, കടകളില്‍ നിന്നും തള്ളുന്ന മാലിന്യങ്ങള്‍ എന്നിവ കൊണ്ട് എല്ലാ പ്രദേശങ്ങളിലും ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്.
ഇറച്ചി വില്‍പന കേന്ദ്രങ്ങളില്‍ നിന്നും കോഴിഫാമുകളില്‍ നിന്നും പ്ലാസ്റ്റിക് കിറ്റുകളിലാക്കി മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ റോഡരികലും തോടുകളിലും തള്ളുന്നതും പതിവായിട്ടുണ്ട്. ഒട്ടുമിക്ക ഇറച്ചിക്കടകളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സ് ഇല്ലാതെയാണ്. അവശിഷ്ടങ്ങള്‍ സംസ്‌കരിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്ന നിയമം നിലനില്‍ക്കെയാണ് ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാനപനങ്ങളും ഇക്കാര്യത്തില്‍ കണ്ണടയ്ക്കുന്നത്. ഇടതോടുകളും ചെറു ജലാശയങ്ങും ചതുപ്പ് നിലങ്ങളും ഏറെയുള്ളത് ജില്ലയില്‍ കൊതുകും എലിയും വന്‍തോതില്‍ പെരുകുവാനും ഇടയാക്കുന്നു.
എലിപ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എച്ച് വണ്‍എന്‍ വണ്‍ തുടങ്ങിയ വൈറസ് രോഗങ്ങളും ജലം മലിനപ്പെടുന്നത് മൂലമുള്ള മഞ്ഞപ്പിത്തം, വയിളക്ക് രോഗങ്ങളും ജില്ലയില്‍ വ്യാപിക്കാനുള്ള സാധ്യതയേറെയാണെന്ന് വിദഗ്ധന്മാരും അഭിപ്രായപ്പെട്ടിരുന്നു. ചികില്‍സയേക്കാള്‍ അഭികാമ്യം രോഗപ്രതിരോധത്തിനാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുമ്പോഴും ഇത് സംബന്ധിച്ച് യാതൊരു നടപടിയും അധികൃതര്‍ കൈക്കൊണ്ടിരുന്നില്ല.
മുന്‍ വര്‍ഷങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ മഴക്കാല പൂര്‍വ ശുചീകരണത്തിനായി കര്‍മ പദ്ധതി തയ്യാറാക്കുകയും 10,000 രൂപ വീതം അനുവദിക്കുകയും ചെയ്തിരുന്നെങ്കിലും നാല് വര്‍ഷത്തിന് മുമ്പ് മാത്രമാണ് ഇത് ഫലപ്രദമായി നടന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിയഭയുടെ ആദ്യതീരുമാനങ്ങള്‍ ജനങ്ങളില്‍ പ്രത്രീക്ഷയും ആശ്വാസവും പകരുന്നത്.
Next Story

RELATED STORIES

Share it