ആദ്യ ട്വന്റി: കോഹ്‌ലി മികവില്‍ ഇന്ത്യ മിന്നി

അഡ്‌ലെയ്ഡ്: ഏകദിന പരമ്പര കൈവിട്ടതിന്റെ ക്ഷീണത്തിലിറങ്ങിയ ഇന്ത്യ ട്വന്റിയില്‍ കണക്കുതീര്‍ത്ത് തുടങ്ങി. ആസ്‌ത്രേലിയക്കെതിരായ ആദ്യ ട്വന്റിയില്‍ തകര്‍പ്പന്‍ വിജയം നേടിയാണ് ഇന്ത്യ തുടക്കം ഗംഭീരമാക്കിയത്. വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ (90*) അര്‍ധസെഞ്ച്വറിയുടെ മികവില്‍ 37 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്ക് സാധിച്ചു.
ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. കോഹ്‌ലിക്കു പുറമേ സുരേഷ് റെയ്‌നയും (41) രോഹിത് ശര്‍മയും (31) മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 188 റണ്‍സ് അടിച്ചെടുത്തു. മൂന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി കോഹ് ലി-റെയ്‌ന സഖ്യമാണ് ഇന്ത്യയെ മികച്ച നിലയിലെത്തിച്ചത്.
മറുപടിയില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പതറിയ ആതിഥേയര്‍ 19.3 ഓവറില്‍ 151 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ട്വന്റിയില്‍ 160 റണ്‍സിന് മുകളിലുള്ള സ്‌കോര്‍ ഒരു തവണ മാത്രമാണ് ഓസീസ് ഇതുവരെ പിന്തുടര്‍ന്ന് ജയിച്ചിട്ടുള്ളത്. 2010ല്‍ പാകിസ്താനെതിരായ ട്വന്റി ലോകകപ്പിലായിരുന്നു ഇത്. ഈ മല്‍സരം ഉള്‍പ്പെടെ 16 തവണയാണ് 160 റണ്‍സെന്ന കടമ്പയ്ക്കു മുന്നില്‍ ഓസീസ് പതറി വീഴുന്നത്.
33 പന്തില്‍ നാല് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിന്റെ ടോപ്‌സ്‌കോറര്‍. സ്റ്റീവന്‍ സ്മിത്ത് (21), ഡേവിഡ് വാര്‍ണര്‍ (17), ക്രിസ് ലിന്‍ (17), ഷെയ്ന്‍ വാട്‌സന്‍ (12) എന്നിവരാണ് ഓസീസ് നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
അരങ്ങേറ്റ മല്‍സരത്തില്‍ മൂന്നു വിക്കറ്റുമായി ജസ്പ്രിത് ബുംറയും രണ്ടു വിക്കറ്റ് നേടി ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്കു വേണ്ടി തിളങ്ങി. ആദ്യ ഓവറില്‍ അഞ്ച് വൈഡുകളടക്കം 19 റണ്‍സ് വിട്ടുകൊടുത്തതിനു ശേഷമാണ് പാണ്ഡ്യ തന്റെ ബൗളിങ് പാടവം തെളിയിച്ചത്. ഇരുവര്‍ക്കും പുറമേ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും നാലു വര്‍ഷത്തിനു ശേഷം ടീമില്‍ മടങ്ങിയെത്തിയ ആശിഷ് നെഹ്‌റ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി. ഒരു ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് മല്‍സരത്തില്‍ കാര്യമായൊന്നും ചെയ്യാന്‍ അവസരം ലഭിച്ചില്ല.
നേരത്തെ 55 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് കോഹ്‌ലി ഇന്ത്യയുടെ അമരക്കാരനായത്. ട്വന്റിയില്‍ കോഹ്‌ലിയുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. 34 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് റെയ്‌നയുടെ ഇന്നിങ്‌സ്. 20 പന്ത് നേരിട്ട രോഹിതിന്റെ ഇന്നിങ്‌സില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെട്ടിരുന്നു.
ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പുറത്താവാതെ മൂന്ന് പന്തില്‍ നിന്ന് ഓരോ വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടെ 11 റണ്‍സെടുത്തു. ഈ മല്‍സരത്തോടെ റെയ്‌ന ട്വന്റിയില്‍ 1000 റണ്‍സ് തികച്ചു. ഇന്ത്യക്കു വേണ്ടി ട്വന്റിയില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് റെയ്‌ന. കോഹ് ലിയാണ് ഇതിനു മുമ്പ് 1000 റണ്‍സ് ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ താരം.
ഓസീസിനു വേണ്ടി വാട്‌സന്‍ രണ്ടും ജെയിംസ് ഫോക്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി. കോഹ് ലിയാണ് മാന്‍ ഓഫ് ദി മാച്ച്. പരമ്പരയിലെ രണ്ടാം മല്‍സരം വെള്ളിയാഴ്ച മെല്‍ബണില്‍ നടക്കും.
Next Story

RELATED STORIES

Share it