ആദ്യവരവില്‍ കോടതികയറി; ഇത്തവണത്തെ വരവ് കളര്‍ഫുളായി

തിരുവനന്തപുരം: പൂര്‍ണമായി വോട്ടിങ് മെഷീന്‍ ഉപയോഗിക്കുന്ന ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പെന്ന പ്രത്യേകത ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. കഴിഞ്ഞതവണ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രമാണ് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴുള്ള തിരഞ്ഞെടുപ്പുകളില്‍ വോട്ടിങ് മെഷീന്‍ താരമാണെങ്കിലും കേരളത്തിലേക്കുള്ള വോട്ടിങ് മെഷീനിന്റെ ആദ്യവരവ് അത്ര സുഖകരമായിരുന്നില്ല. അന്നു കോടതി കയറാനായിരുന്നു വോട്ടിങ് മെഷീനിന്റെ വിധി.
1982ല്‍ 50 ബൂത്തുകളില്‍ മാത്രം ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് എറണാകുളം ജില്ലയിലെ പറവൂരില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എ സി ജോസ് കോടതിയില്‍ പോയി. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പു നടത്താനായിരുന്നു കോടതിവിധി. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എ സി ജോസ് വിജയിക്കുകയും ചെയ്തു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും വോട്ടിങ് മെഷീന്‍ ഉപയോഗിച്ചു. 2004ലെ പൊതുതിരഞ്ഞെടുപ്പ് മുതലാണ് ഇന്ത്യയില്‍ വ്യാപകമായി വോട്ടിങ് മെഷീന്‍ ഉപയോഗിച്ചുതുടങ്ങിയത്.
സംസ്ഥാനത്ത് കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സിംഗിള്‍ പോസ്റ്റ് വോട്ടിങ് മെഷീനുകളും ത്രിതല പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് വോട്ടിങ് മെഷീനുകളുമാവും ഉപയോഗിക്കുക. വര്‍ണാഭമായാണ് ഇത്തവണ വോട്ടിങ് മെഷീന്‍ തിരഞ്ഞെടുപ്പിനായി എത്തുക. ഗ്രാമപ്പഞ്ചായത്തുകളിലേക്ക് വെള്ളനിറത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്കിലും ജില്ലാ പഞ്ചായത്തിലേക്ക് ആകാശനീലനിറത്തിലുമുള്ള വോട്ടിങ് മെഷീനുകളായിരിക്കും ഉപയോഗിക്കുക.
Next Story

RELATED STORIES

Share it