kasaragod local

ആദ്യയോഗത്തില്‍ തന്നെ വിമര്‍ശനം തൊടുത്തുവിട്ട് നേതാക്കള്‍

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സാരഥികളെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന ആദ്യയോഗത്തില്‍ തന്നെ വിമര്‍ശനവുമായി നേതാക്കള്‍. ജില്ലാ പഞ്ചായത്തില്‍ തന്റെ ഭരണകാലഘട്ടത്തില്‍ തന്നെ ഏറ്റവും കഴിവുകുറഞ്ഞ പ്രസിഡന്റായി വിലയിരുത്തിയാലും അഴിമതിക്കാരനെന്ന് ഒരിക്കലും തന്നെ വിലയിരുത്തേണ്ടിവരില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു. അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ഭരണപക്ഷവും പ്രതിപക്ഷവുമില്ലെന്ന് സിപിഎമ്മിലെ അഡ്വ. വി പി പി മുസ്തഫ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരിച്ചപ്പോള്‍ ഏറ്റവും കുറവ് ഓംബുഡ്‌സ്മാന്‍ കേസുകള്‍ ഉള്ള ജില്ലാ പഞ്ചായത്താണ് കാസര്‍കോടാണെന്നും എന്നാല്‍ ബഷീര്‍ പ്രസിഡന്റായിരുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ ഓംബുഡ്‌സ്മാന്‍ കേസുകളുണ്ടായതെന്നും മുസ്തഫ പറഞ്ഞു.
ബിജെപി ജില്ലാ സെക്രട്ടറി കെ ശ്രീകാന്ത് പ്രതിഷേധവുമായാണ് പ്രസിഡന്റിന് ആശംസയര്‍പ്പിക്കാനെത്തിയത്. ജില്ലാ പഞ്ചായത്തംഗങ്ങളുടെ വിശദവിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കാനുള്ള ഫോറം മലയാളത്തില്‍ മാത്രം അച്ചടിച്ചതില്‍ പ്രതിഷേധിച്ച് പ്രസംഗത്തിനിടെ ഫോറം വലിച്ചുകീറി.
കാലാകാലങ്ങളായി ജില്ലാപഞ്ചായത്തില്‍ ഭാഷാന്യൂനപക്ഷങ്ങളോട് അവഗണനായാണ് കാണിക്കുന്നതെന്നും ശ്രീകാന്ത് പറഞ്ഞു. വൊര്‍ക്കാടി ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ ഹര്‍ഷാദ് വൊര്‍ക്കാടി കന്നടയില്‍ പ്രസംഗിച്ചാണ് ശ്രീകാന്തിനെ നേരിട്ടത്. ഇപ്പോള്‍ അധികാരമേറ്റടുത്ത പ്രസിഡന്റിന് ഫോം അച്ചടിച്ചതില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു.
ജില്ലയില്‍ പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റ് പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ കന്നടയില്‍ പരീക്ഷയെഴുതാനുണ്ടായിരുന്ന സൗകര്യം ബിജെപി സര്‍ക്കാര്‍ ഇല്ലാതാക്കുകയായിരുന്നു. ഇതിനെതിരെ തന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് സമരം നടത്തിവരികയാണെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it