ആദ്യഘട്ട പ്രചാരണം തീര്‍ന്നു: ആത്മവിശ്വാസം കൈവിടാതെ തൃണമൂല്‍

കൊല്‍ക്കത്ത: കാതടപ്പിക്കുന്ന പ്രചാരണ കോലാഹലങ്ങള്‍ക്കിടെ പശ്ചിമ ബംഗാളിലും അസമിലും ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. അസമിലെ 65 മണ്ഡലങ്ങളിലെയും ബംഗാളിലെ 18 മണ്ഡലങ്ങളിലെയും ജനങ്ങളാണ് നാളെ പോളിങ്ബൂത്തിലെത്തുക. ബംഗാളിലെ 294 അംഗ പതിനാറാം നിയമസഭയിലേക്ക് ആറ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആറര കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
റോഡ് ഷോകളും ബൈക്ക് റാലികളും കാല്‍നട പ്രചാരണങ്ങളും തുടങ്ങി വോട്ടുപിടിത്തത്തിന്റെ എല്ലാ തന്ത്രങ്ങളും സിപിഎം- കോണ്‍ഗ്രസ് സഖ്യവും ബിജെപിയും പയറ്റുന്നുണ്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ്തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന അഭിപ്രായ സര്‍വേകളുടെ ആശ്വാസത്തിലാണ് മമതാ ബാനര്‍ജിയും കൂട്ടരും.
പതിവ് തിരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും സിനിമാ, കായിക താരങ്ങളെയും വ്യവസായികളെയും മാധ്യമപ്രവര്‍ത്തകരെയും മറ്റു പ്രഫഷനലുകളെയും മല്‍സരിപ്പിക്കുന്നുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോണ്‍ഗ്രസ്സും ഇടതും ബിജെപിയും ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും തൃണമൂല്‍ രംഗത്തിറക്കിയത് 90 ശതമാനവും സിറ്റിങ് എംഎല്‍എമാരെതന്നെ.
തെക്കന്‍ കൊല്‍ക്കത്തയിലെ ഭവാനിപൂര്‍ മണ്ഡലത്തിലാണ് ഏറ്റവും ശ്രദ്ധേയമായ മല്‍സരം. പാര്‍ട്ടി അധ്യക്ഷ മമതാ ബാനര്‍ജി ഇവിടെ തൃണമൂലിനുവേണ്ടി ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് ദീപ ദാസ് മുന്‍ഷിയെയും ബിജെപി നേതാജിയുടെ അനന്തരവന്‍ ചന്ദ്രകുമാര്‍ ബോസിനെയുമാണ് മല്‍സരിപ്പിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനനില നഷ്ടപ്പെട്ടെന്നാണ് മമതാ സര്‍ക്കാരിനെതിരേ പ്രതിപക്ഷം നടത്തുന്ന പ്രധാന ആരോപണം. ശാരദാ ചിട്ടി ഫണ്ട് അഴിമതിയും നാരദാ ഒളികാമറ ദൃശ്യങ്ങളും സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ മറ്റ് ആയുധങ്ങളാണ്. എന്നാല്‍, ഇതൊന്നും സാധാരണ ജനങ്ങളില്‍ മമതയ്ക്കുള്ള പിന്തുണ കുറച്ചിട്ടില്ലെന്നാണ് നിരീക്ഷണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍കണ്ട ബിജെപി മുന്നേറ്റം ഇത്തവണയുണ്ടാവില്ലെന്നും നിഗമനമുണ്ട്. പിന്നാക്ക വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള ബിജെപി തന്ത്രം മറ്റു പാര്‍ട്ടികളുടെയത്ര വിജയം കണ്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളില്‍ നടത്തിയതുപോലുള്ള വര്‍ഗീയ പ്രചാരണങ്ങളില്‍നിന്നു ബിജെപി അല്‍പം വിട്ടുനിന്നത് ബംഗാളില്‍ ശക്തമായ വോട്ട് ബാങ്കായ ന്യൂനപക്ഷങ്ങളെ അകറ്റേണ്ട എന്ന ഉദ്ദേശ്യത്തോടെയാണ്.
തൃണമൂലിനെ വിമര്‍ശിക്കുന്നതില്‍ അവര്‍ മയം വരുത്തിയത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത മുന്‍കൂട്ടി കണ്ടാണെന്നും റിപോര്‍ട്ടുകളുണ്ട്. ബംഗാളിലെ 95 മണ്ഡലങ്ങളില്‍ 50 ശതമാനത്തോളം മുസ്‌ലിം വോട്ടാണ്. 40 മണ്ഡലങ്ങളില്‍ 30 ശമതാനം വോട്ടും ന്യൂനപക്ഷത്തിനുണ്ട്. അതു മനസ്സിലാക്കിയാവണം മുസ്‌ലിംകളെ കൂടെ നിര്‍ത്താന്‍ മമതാ ബാനര്‍ജി വര്‍ഷങ്ങള്‍ക്ക് മുമ്പേ ശ്രമം തുടങ്ങിയത്. ബിജെപിയുടെ പ്രചാരണ യോഗത്തില്‍ പ്രസംഗിക്കവേ ബാങ്ക്‌വിളി ഉയര്‍ന്നപ്പോള്‍ സംസാരം നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ചതും ന്യൂനപക്ഷ വോട്ടര്‍മാരുടെ പെരുപ്പമാണ്. കോണ്‍ഗ്രസ്സില്‍ നിന്നും സിപിഎമ്മില്‍ നിന്നും പൂര്‍ണമായും മുസ്‌ലിംകള്‍ അകലുന്ന കാഴ്ചയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കണ്ടത്. മുസ്‌ലിം ഭൂരിപക്ഷ ജില്ലകളായ ബിര്‍ഭും, ഹൂഗ്ലി, ഹൗറ, മാള്‍ഡ, മുര്‍ഷിദാബാദ്, നാദിയ, ദക്ഷിണ 24 പര്‍ഗാനാസ്, ഉത്തര്‍ ദിനാജ്പൂര്‍ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെപ്പില്‍ തൃണമൂലിനായിരുന്നു മുന്നേറ്റം.
ഒരു കാലത്ത് കോണ്‍ഗ്രസ്, ഇടത് ശക്തി കേന്ദ്രങ്ങളായിരുന്നു ഈ ജില്ലകളെല്ലാം. അതേസമയം, നാളെ വോട്ടെടുപ്പ് നടക്കുന്ന ജംഗല്‍മഹല്‍, ഡാര്‍ജലിങ് മലയോര മേഖലകളില്‍ തൃണമൂലിന് കനത്ത തിരിച്ചിടിയുണ്ടാവുമെന്നാണ് വിലയിരുത്തല്‍. മാവോവാദികള്‍ക്ക് സ്വാധീനമുള്ള പുരുലിയ, പശ്ചിമ മിഡ്‌നാപൂര്‍, ബാങ്കുറ തുടങ്ങി ജംഗല്‍മഹല്‍ ജില്ലകളിലെ 49 മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിനും ഇടതിനും ബിജെപിക്കും ഗൂര്‍ഖ മുക്തി മോര്‍ച്ചയ്ക്കും വിജയം സുനിശ്ചിതമല്ല.
Next Story

RELATED STORIES

Share it