Districts

ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏഴു ജില്ലകളില്‍; പരസ്യപ്രചാരണം നാളെ തീരും

എം പി അബ്ദുല്‍ സമദ്

കണ്ണൂര്‍: ആദ്യഘട്ട തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അന്തിമഘട്ടത്തിലേക്ക്. നവംബര്‍ 2നു തിരഞ്ഞെടുപ്പ് നടക്കുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന വ്യക്തമായ സൂചനകള്‍ നല്‍കിയാണ് പ്രചാരണം ഫിനിഷിങ് പോയിന്റിലേക്കു കടക്കുന്നത്. ഈ ജില്ലകളില്‍ പരസ്യപ്രചാരണം നാളെ അവസാനിക്കും.
ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ ഇരുമുന്നണിയിലെയും മറ്റു പാര്‍ട്ടികളിലെയും പ്രമുഖ നേതാക്കളുടെ സന്ദര്‍ശനം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന നേതാക്കളെ കൂടി കൊണ്ടുവന്നു കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. പഞ്ചായത്ത്-മുനിസിപ്പല്‍ തലത്തില്‍ മൂന്നാംഘട്ട വീടുകയറ്റത്തിലാണ് മിക്ക സ്ഥാനാര്‍ഥികളും. കൂടാതെ സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ചിഹ്നം പരിചയപ്പെടുത്തലും പുരോഗമിക്കുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥികളാവട്ടെ ഒരു തവണയെങ്കിലും വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി പരിഗണിക്കപ്പെടുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇരുമുന്നണികളും ദേശീയ നേതാക്കളെ രംഗത്തിറക്കുമെന്നു കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. പലരും ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സോണിയ ഗാന്ധി, രാഹുല്‍, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ പ്രമുഖരെ പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയില്ല.
എ കെ ആന്റണിയും ഇ അഹമ്മദുമാണ് യുഡിഎഫിനായി പ്രചാരണത്തിനിറങ്ങിയ മുതിര്‍ന്ന നേതാക്കള്‍. ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, പി പി തങ്കച്ചന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. എസ് രാമചന്ദ്രന്‍പിള്ള, വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എല്‍ഡിഎഫ് പ്രചാരണം മുന്നേറുന്നത്.
പാര്‍ട്ടിയുടെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്ന കണ്ണൂരില്‍ വി എസിന്റെ സന്ദര്‍ശനം കൂടുതല്‍ തരംഗമുണ്ടാക്കി. ത്രിതല തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രനേതൃത്വം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണത്തില്‍ പ്രതീക്ഷിച്ച ഉണര്‍വ് സൃഷ്ടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. എസ്ഡിപിഐ പോലുള്ള കക്ഷികള്‍ ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
Next Story

RELATED STORIES

Share it