ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ചയില്‍ സമവായമായില്ല: എട്ടു സീറ്റ് വേണമെന്ന് ആര്‍എസ്പി; നാലില്‍ പിടിച്ച് ജേക്കബ് വിഭാഗം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന അവകാശവാദത്തില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സമവായത്തിലെത്താതെ ആദ്യഘട്ട ഉഭയകക്ഷിചര്‍ച്ച അവസാനിച്ചു. രണ്ടാംഘട്ട ചര്‍ച്ച 10ന് ആരംഭിക്കും. മുസ്‌ലീംലീഗ് ഒഴികെയുള്ള ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റ്‌വേണമെന്ന നിലപാടിലാണ്.
ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), സിഎംപി (സി പി ജോണ്‍) എന്നിവരുമായാണ് ഇന്നലെ ചര്‍ച്ച നടത്തിയത്. സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പെടെ എട്ടു സീറ്റുകള്‍ ആര്‍എസ്പി ആവശ്യപ്പെട്ടു. കൊല്ലത്ത് 3 സിറ്റിങ് സീറ്റുകള്‍ കൂടാതെ ഒരു സീറ്റുകൂടി അധികം വേണം. കൊല്ലം, കുണ്ടറ, പുനലൂര്‍ സീറ്റുകളില്‍ ഒന്നാണ് അധികമായി ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റായ ഇരവിപുരം മുസ്‌ലീംലീഗിന് വിട്ടുനല്‍കില്ല. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോ സീറ്റുകളിലും ആര്‍എസ്പി അവകാശമുന്നയിച്ചു. എന്നാല്‍, ചവറ, ഇരവിപുരം, കുന്നത്തൂര്‍, ആറ്റിങ്ങല്‍ ഉള്‍പ്പെടെ നാലു സീറ്റുകള്‍ നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് അറിയിച്ചത്.
കേരളാ കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം നാലു സീറ്റുകളാണ് ആവശ്യപ്പെട്ടത്. അങ്കമാലി, പിറവം സീറ്റുകള്‍ നിര്‍ബന്ധമായും കിട്ടണം. കഴിഞ്ഞ തവണ പാര്‍ട്ടി ചെയര്‍മാന്‍ ജോണി നെല്ലൂര്‍ മല്‍സരിച്ച അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം മൂവാറ്റുപുഴ നല്‍കണം. കുട്ടനാട് അല്ലെങ്കില്‍ ഉടുമ്പന്‍ചോല, പുനലൂര്‍ അല്ലെങ്കില്‍ കൊട്ടാരക്കരയാണ് ജേക്കബ് വിഭാഗത്തിന്റെ മറ്റൊരു ആവശ്യം. സി പി ജോണിന്റെ നേതൃത്വത്തിലുള്ള സിഎംപി മൂന്നു സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചു. കുന്നംകുളത്ത് സി പി ജോണിനെ മല്‍സരിപ്പിക്കാനാണ് സിഎംപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ചക്ക് നേതൃത്വം നല്‍കി. കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായും ഇത്‌സംബന്ധിച്ച് തീരുമാനമായില്ലെന്നും ചര്‍ച്ചയ്ക്കു ശേഷം കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പ്രതികരിച്ചു.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമ സാധ്യത പട്ടിക ഇന്ന് എഐസിസി ക്ക് കൈമാറും. യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രതിനിധികളും അന്തിമപട്ടികയില്‍ ഇടംനേടും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ഈമാസം അവസാനത്തോടെ തയ്യാറാവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വ്യക്തമാക്കി. ഡിസിസി സമര്‍പ്പിച്ച പട്ടികയ്ക്ക് അന്തിമരൂപം ഇന്നുണ്ടാവും. ഈമാസം 23ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുമെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട താമരശ്ശേരി രൂപതയുടെ എതിര്‍പ്പ് സംബന്ധിച്ച് മുസ്‌ലിംലീഗുമായി ചര്‍ച്ച നടത്തുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കെപിസിസി സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെട്ടേക്കില്ലെന്നാണ് സൂചന. കേരളത്തിലെ കോണ്‍ഗ്രസ് ഘടകവുമായി ബന്ധപ്പെട്ട ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് അവസാനവാക്കായ എകെ ആന്റണിയും ഇക്കാര്യത്തില്‍ മൗനം പാലിക്കും. ഇതോടെ ഡല്‍ഹിയില്‍നിന്നുള്ള ഇറക്കുമതി സ്ഥാനാര്‍ഥികള്‍ ഇത്തവണ ഉണ്ടാവാനിടയില്ല.
Next Story

RELATED STORIES

Share it