kasaragod local

ആദ്യം തിരിച്ചറിഞ്ഞത് മുജീബിനെ; പിടികൂടാനായത് 49 ദിവസത്തിന് ശേഷം

കാസര്‍കോട്: കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചക്കേസില്‍ ആദ്യം തിരിച്ചറിഞ്ഞത് ചൗക്കി സ്വദേശി മുജീബിനെ. നാട്ടുകാരനും ബന്ധുവുമായ പെയിന്റിങ് തൊഴിലാളി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, കവര്‍ച്ച നടന്നതിന്റെ പിറ്റേദിവസം ഇയാളുടെ രേഖാചിത്രം തയാറാക്കിയിരുന്നു. മുഖ്യപ്രതി ശരീഫ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മങ്കി ക്യാപ് ധരിച്ചിരുന്നു. കവര്‍ച്ചയ്ക്കുശേഷം മുജീബിന്റെ തൊപ്പി അഴിഞ്ഞുവീണതാണ് കേസില്‍ നിര്‍ണായക തെളിവായത്. മുജീബിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം വഴിത്തിരിവായി.
ജോമോനും മുജീബും മംഗളുരു, മൈസൂരു, ഊട്ടി, തിരുപ്പൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ തങ്ങിയ ശേഷം വീരാജ്‌പേട്ടയില്‍ വാടകവീടെടുത്ത് താമസ മാരംഭിച്ചു. കവര്‍ച്ചയ്ക്കുശേഷം മുജീബ് ഒരുതവണ സ്വന്തം വീട്ടിലെത്തിയെങ്കിലും പോലിസിന് പിടികൂടാനായില്ല. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിക്കാതെ പ്രതികള്‍ മംഗളുരുവിലും ഗോവയിലും മുംബൈയിലും കറങ്ങി പോലിസിന്റെ അന്വേഷണം വഴിതെറ്റിച്ചു. മുജീബും ജോമോനും വീരാജ്‌പേട്ടയിലുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കവര്‍ച്ച നടന്ന് 49ാം ദിവസമാണ് മുഖ്യപ്രതികളിലൊരാളായ മുജീബിനെ പിടികൂടാനായത്.
സൈബര്‍ സെല്ലിന്റെ സഹായവും ശാസ്ത്രീയമായ അന്വേഷണവുമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായകമായത്. മുജീബിന്റെ കാസര്‍കോട്ടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പോലിസിന് ഏറെ ഗുണം ചെയ്തു. ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി എം വി സുകുമാരന്‍, സിഐമാരായ സി കെ സുനില്‍കുമാര്‍, പി കെ സുധാകരന്‍, ടീം അംഗങ്ങളായ പി വി രാജന്‍, രത്‌നാകരന്‍, കെ എം ജോണ്‍, ഗിരീഷ്, രാജേഷ്, സുമേഷ്, ജോണ്‍, സുനില്‍ ഏബ്രഹാം, ഫിറോസ്, നാരായണന്‍, ബാലകൃഷ്ണന്‍, അബൂബക്കര്‍, ഓസ്റ്റിന്‍ തമ്പി, ദീപക്, ശ്രീജിത്, രാജേഷ്, ഗോകുല്‍, ജിനേഷ്, രതീഷ്, ധനേഷ്, സുനില്‍കുമാര്‍, ലക്ഷ്മിനാരായണന്‍, പ്രതീഷ് ഗോപാലന്‍, ഷാജു, മോഹനന്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it