ആദിവാസി ഹോസ്റ്റലുകളില്‍ ശൗചാലയമില്ല; മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന്

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ ഹോസ്റ്റലുകളില്‍ ലഭ്യമായ താമസസൗകര്യത്തെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പാലക്കാട് ജില്ലാ കലക്ടര്‍ക്കും പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കി.
19 ഹോസ്റ്റലുകളുടെ വിവരങ്ങള്‍ പ്രത്യേകം ഹാജരാക്കണം. ഇവിടങ്ങളില്‍ താമസിക്കാന്‍ അനുവദിച്ചിട്ടുള്ള കുട്ടികളുടെ എണ്ണം, അനുവദനീയമായതില്‍ കൂടുതല്‍ കുട്ടികള്‍ താമസിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എത്ര കുട്ടികള്‍ അധികമായി താമസിക്കുന്നു, ഹോസ്റ്റലുകളില്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങളുണ്ടോ, ഇവ ഉപയോഗ യോഗ്യമാണോ, ആവശ്യത്തിന് കുടിവെള്ളമുണ്ടോ തുടങ്ങിയ വിവരങ്ങള്‍ അന്വേഷിക്കണം. റിപോര്‍ട്ട് ജനുവരി 30നകം കമ്മീഷന്‍ ആസ്ഥാനത്ത് ഫയല്‍ ചെയ്യണം. കേസ് ഫെബ്രുവരി 15ന് തിരുവനന്തപുരത്തു പരിഗണിക്കും.
52 ആദിവാസി പെണ്‍കുട്ടികള്‍ താമസിക്കുന്ന പുതൂര്‍ ആനവായിലെ പ്രീമെട്രിക് ഹോസ്റ്റലില്‍ ശൗചാലയ സൗകര്യമില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 40 കുട്ടികള്‍ക്കാണ് ഇവിടെ താമസസൗകര്യമുള്ളതെങ്കിലും 12 പേര്‍ അധികമാണ്. അട്ടപ്പാടിയില്‍ 19 ഹോസ്റ്റലുകളില്‍ ഉള്ളതില്‍ 11 എണ്ണം ആണ്‍കുട്ടികള്‍ക്കുള്ളതാണ്. ഊരുകള്‍ക്കു സമീപം സ്‌കൂള്‍ ഇല്ലാത്തതിനാലാണ് കുട്ടികള്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്നത്.
Next Story

RELATED STORIES

Share it