wayanad local

ആദിവാസി വീട്ടമ്മമാരുടെ സമരം 25 ദിവസം പിന്നിടുന്നു

മാനന്തവാടി: അവഹേളനങ്ങള്‍ക്കും അവഗണനയ്ക്കുമിടയില്‍ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആദിവാസി വീട്ടമ്മമാരുടെ മദ്യവിരുദ്ധസമരം 25 ദിവസം പിന്നിടുന്നു. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആദിവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകളുടെ പിന്തുണയോടെ നടക്കുന്ന സമരമാണ് കരുത്താര്‍ജിക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെയും മദ്യപിച്ചെത്തുന്നവരുടെയും അവഹേളനവും അസഭ്യവര്‍ഷവും വകവയ്ക്കാതെയാണ് ഔട്ട്‌ലെറ്റിലേക്ക് കയറുന്ന സ്റ്റെപ്പുകള്‍ക്ക് താഴെയായി നിത്യേന പത്തോളം പേര്‍ നിരാഹാരമിരിക്കുന്നത്.
രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സമരം. ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു മന്ത്രിയുണ്ടായിട്ടു പോലും 25 ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും സമരകാരണം അന്വേഷിക്കാനോ സമരക്കാരുമായി ചര്‍ച്ച നടത്താനോ തയ്യാറായിട്ടില്ല. ബിവറേജസ് അടച്ചുപൂട്ടുന്നതില്‍ കുറഞ്ഞുള്ള ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്ന നിലപാടിലാണ് സമരക്കാര്‍. പുതിയിടം കോളനിയില്‍ നിന്നുള്ള സജിത, ജാനു, കാളി, ചിന്നു, എടമുണ്ട കോളനിയിലെ പ്രസീത, പയ്യംപള്ളി കോളനിയിലെ മാക്കമ്മ, വെള്ളന്‍, പൊട്ടന്‍കൊല്ലി കോളനിയിലെ സുശീല, ജോച്ചി, വെള്ള, പുളിയംവയല്‍ കോളനിയിലെ ദേവകി, മാത, ബിഎസ്പി ജില്ലാ ഭാരവാഹി ജെയിംസ് എന്നിവരാണ് എല്ലാ ദിവസവും സമരം നടത്തിവരുന്നത്.
എന്തെല്ലാം അവഹേളനങ്ങള്‍ സഹിക്കേണ്ടിവന്നാലും കോളനികളില്‍ വഴക്കും ബഹളവുമില്ലാതെ അന്തിയുറങ്ങാനും മക്കള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ പഠിക്കാനും മദ്യശാല അടച്ചുപൂട്ടണമെന്നതാണ് വീട്ടമ്മമാരുടെ പക്ഷം. ഇതിനുവേണ്ടി കൈക്കുഞ്ഞുങ്ങളെയും കൊണ്ട് സമരത്തിനെത്തുന്നവരുമുണ്ട്. വിളവെടുപ്പ് കാലമായതിനാല്‍ വീട്ടമ്മമാര്‍ കൂലിപ്പണിക്ക് പോയെങ്കില്‍ മാത്രമെ പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്നതിനാലാണ് കൂടുതല്‍ പേര്‍ സമരത്തിനിറങ്ങാത്തത്. ഇതിനു പുറമെ കോളനിയിലെ പുരുഷന്മാരുടെ ഭീഷണിയും സമരരംഗത്തിറങ്ങാന്‍ തടസ്സമാണ്. ഇതിനിടെ, നിത്യേന 4,000ത്തോളം പേര്‍ വന്നുപോവുന്ന വള്ളിയൂര്‍ക്കാവ് റോഡില്‍ മദ്യശാല പ്രവര്‍ത്തിക്കുന്ന കെട്ടിടം സുരക്ഷിതമല്ലെന്നു പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറും മാനന്തവാടി എസ്‌ഐയും നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് 14 ദിവസത്തിനകം ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കണമെന്നും അല്ലെങ്കില്‍ വിശദീകരണം നല്‍കണമെന്നും സബ് കലക്ടര്‍ ബിവറേജസ് മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, പകരം കെട്ടിടത്തിനായി അന്വേഷണമാരംഭിച്ചതായി കാണിച്ച് വിശദീകരണം നല്‍കുകയും ബിവറേജസിലെ തിരക്ക് കുറയ്ക്കാന്‍ രണ്ടു കൗണ്ടര്‍ തുറക്കുകയുമാണ് അധികൃതര്‍ ചെയ്തത്. നിരാഹാര സമരം കണ്ടില്ലെന്നു നടിക്കുന്നതു തുടര്‍ന്നാല്‍ കൂടുതല്‍ പേരെ രംഗത്തിറക്കി ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം.
Next Story

RELATED STORIES

Share it