wayanad local

ആദിവാസി വിഭാഗത്തെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരേ നടപടി: കലക്ടര്‍

കല്‍പ്പറ്റ: ആദിവാസി വിഭാഗത്തെ ചൂഷണത്തിന് വിധേയരാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍.
പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരായ അതിക്രമ നിവാരണ നിയമ ബോധവല്‍ക്കരണത്തില്‍ പട്ടികജാതി വികസന വകുപ്പ് നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി 30 ശതമാനം ആദിവാസികള്‍ താമസിക്കുകയും അവരില്‍ നിരവധി പേര്‍ ദിനംപ്രതി അതിക്രമങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയിട്ടുള്ളതായി കലക്ടര്‍ പറഞ്ഞു. അതിക്രമങ്ങള്‍ക്കിരയാവുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങളും നിയമസഹായങ്ങളും ഉറപ്പാക്കുന്നതോടൊപ്പം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിയമ നടപടി സ്വീകരിക്കും.
പഞ്ചായത്ത് തലത്തില്‍ നിയമ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും കലക്ടര്‍ വകുപ്പിന് നിര്‍ദേശം നല്‍കി.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പിന്തള്ളപ്പെട്ട ജനവിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വളര്‍ച്ച ലക്ഷ്യമിട്ട് 1989ല്‍ നിലവില്‍വന്ന പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു സെമിനാര്‍.
പട്ടികവിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും വര്‍ധിക്കുന്നതു പരിഹരിക്കാന്‍ ഇത്തരം ജനവിഭാഗങ്ങളെ നിയമ ബോധവാന്‍മാരാക്കുകയും അതിക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
പട്ടികജാതി വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി കൃഷ്ണകുമാര്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it