ആദിവാസി വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വിജയപരിസമാപ്തി; കമ്പളക്കളിയും വട്ടക്കളിയും വേദിയിലേക്ക്

കല്‍പ്പറ്റ: പതിറ്റാണ്ടുകളായുള്ള ആദിവാസി വിദ്യാര്‍ഥികളുടെ ആവശ്യത്തിന് വിജയ പരിസമാപ്തി. സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ആദിവാസി കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പ് ഒടുവില്‍ അംഗീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട അഞ്ചിനങ്ങള്‍ 56ാമത് സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തിന്റെ വേദിയില്‍ അരങ്ങേറും.
അട്ടപ്പാടിയിലെ ഇരുള വിഭാഗക്കാരുടെ ഇരുള നൃത്തം, വയനാട്ടിലെ പണിയ വിഭാഗക്കാരുടെ പണിയ നൃത്തം (കമ്പളക്കളി, വട്ടക്കളി), കാസര്‍കോട് ജില്ലയിലെ മാവിലര്‍ സമുദായത്തിന്റെ മംഗലംകളി, ഇടുക്കി ജില്ലയിലെ മലപ്പുലയന്‍ വിഭാഗക്കാരുടെ ഹില്‍പുലയ ആട്ടം, ഇടുക്കിയിലെ പളിയ ഗോത്രവിഭാഗത്തിന്റെ പളിയനൃത്തം എന്നിവയാണ് 23ന് വൈകീട്ട് 6 മണിക്ക് പുത്തരിക്കണ്ടം മൈതാനത്തിനു സമീപമുള്ള ഗാന്ധിപാര്‍ക്കില്‍ അവതരിപ്പിക്കുന്നത്. ഗോത്രവര്‍ഗക്കാരുടെ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി പി കെ ജയലക്ഷ്മി വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന് ഒരുവര്‍ഷം മുമ്പു നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ചു നടപടിയുണ്ടായത്.
വയനാട് ജില്ലയിലെ 9 സ്‌കൂളുകള്‍ക്കും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ മൂന്ന് സ്‌കൂളുകള്‍ക്കും ഇടുക്കി ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്കും കിര്‍ത്താഡ്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേകം പരിശീലനം നല്‍കുന്നതിനുവേണ്ടി 50,000 രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് ഇവര്‍ക്കു പരിശീലനം നല്‍കിയാണ് മല്‍സരാര്‍ഥികളെ കണ്ടെത്തിയത്.
വയനാട്, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ പ്രദര്‍ശനമല്‍സരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പണിയനൃത്തം അവതരിപ്പിക്കുന്നതിന് വയനാട് ജില്ലയില്‍നിന്ന് അഞ്ച് സ്‌കൂളുകളെയും മംഗലംകളി അവതരിപ്പിക്കുന്നതിന് കാസര്‍കോട് ജില്ലയില്‍നിന്ന് രണ്ട് സ്‌കൂളുകളെയും അട്ടപ്പാടിയില്‍നിന്ന് ഇരുളനൃത്തം അവതരിപ്പിക്കാന്‍ ഒരു സ്‌കൂളിനെയും ഇടുക്കി ജില്ലയില്‍നിന്ന് പളിയനൃത്തം, മലപ്പുലയ ആട്ടം എന്നിവ അവതരിപ്പിക്കാന്‍ രണ്ട് സ്‌കൂളുകളെയും തിരഞ്ഞെടുത്തത്.
അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ മാന്വലില്‍ മല്‍സരയിനങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഈ വര്‍ഷം പ്രദര്‍ശന മല്‍സരം സംഘടിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ പൊതുജനശ്രദ്ധ കൂടി ലക്ഷ്യമിട്ടാണ് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ ഇത് അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ ആദിവാസി വിഭാഗത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഇതെന്ന് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു.
Next Story

RELATED STORIES

Share it