ആദിവാസി വനിതകളെ പോലിസ് മാനഭംഗപ്പെടുത്തി

റായ്പൂര്‍: ഛത്തിസ്ഗഡില്‍ പോലിസുകാര്‍ ആദിവാസി വനിതകളെ മാനഭംഗപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതായി പരാതി. ബിജാപൂര്‍ ജില്ലയിലെ പെഡ്ഡഗലൂര്‍, ചിന്താഗലൂര്‍, പെഗഡപള്ളി എന്നീ ഗ്രാമങ്ങളിലെ നാല്‍പതോളം ആദിവാസി വനിതകളാണ് പരാതിയുമായി അധികൃതരെ സമീപിച്ചത്. പോലിസ് കേസെടുത്തതായി ബിജാപൂര്‍ ജില്ലാ കലക്ടര്‍ യശ്വന്ത് കുമാര്‍ അറിയിച്ചു.ഒക്‌ടോബര്‍ 19 മുതല്‍ 24 വരെ മാവോവാദികളെ പിടികൂടാനെത്തിയ സുരക്ഷാ സേനാംഗങ്ങളാണ് സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയത്.

ആദിവാസി മേഖലയിലെ സന്നദ്ധ പ്രവര്‍ത്തകയും ആം ആദ്്മി പാര്‍ട്ടി അംഗവുമായ സോണി സോറിയും ഒരു സംഘം സ്ത്രീകളും വനത്തില്‍ കഴിയുന്ന സ്ത്രീകളെ സന്ദര്‍ശിച്ചതോടെയാണ് സംഭവം പുറത്തായത്. നാല്‍പതോളം സ്ത്രീകള്‍ പോലിസ് ഉപദ്രവിച്ചതായി പറഞ്ഞുവെന്ന് സോണി സോറി പറഞ്ഞു. അതില്‍ രണ്ടുപേര്‍ മാനഭംഗത്തിനിരയായി. പല സ്ത്രീകളേയും നഗ്നരാക്കി. അപമര്യാദയായി പെരുമാറി-അവര്‍ പറഞ്ഞു.മാനഭംഗത്തിനിരയായ നാലു സ്ത്രീകളെ സോറി ബിജാപൂര്‍ ജില്ലാ കലക്ടര്‍ യശ്വന്ത് കുമാറിനു മുമ്പാകെ ഹാജരാക്കി പരാതി നല്‍കിയിട്ടുണ്ട്. നാലുപേരുടെ പരാതി ലഭിച്ചതായി കലക്ടര്‍ സ്ഥിരീകരിച്ചു. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ബലാല്‍സംഗം നടന്നതായി സ്ത്രീകളാരും പരാതിപ്പെട്ടിട്ടില്ല. എന്നാലും എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും കലക്ടര്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകള്‍ നടന്ന സംഭവങ്ങളെല്ലാം വിശദമായി കലക്ടറെ അറിയിച്ചതാണെന്നും അവരുടെ “ഗോണ്ടി’ ഭാഷ കലക്ടര്‍ക്കു മനസ്സിലാവാത്തതാണ്് കാരണമെന്നുമാണ് സോണി സോറി പറഞ്ഞത്.പോലിസ് ആരോപണം തള്ളിയിട്ടുണ്ട്. ഈ മേഖലയില്‍ 500 ഓളം പേരടങ്ങിയ പോലിസ് സംഘം മാവോവാദികള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നെന്നും പോലിസ് സൂപ്രണ്ട് കെ എല്‍ ധ്രുവ് പറഞ്ഞു.സംഭവം നടന്ന് എട്ടു ദിവസം കഴിഞ്ഞ് പരാതി നല്‍കിയത് പോലിസിനെ അപമാനിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നും സൂപ്രണ്ട് പറഞ്ഞു.
Next Story

RELATED STORIES

Share it