malappuram local

ആദിവാസി യുവാവിന് ടൂറിസം വകുപ്പിന്റെ കൈത്താങ്ങ ്

മലപ്പുറം: ആദിവാസി യുവാവിന് വിദേശ ജോലി നേടാന്‍ ടൂറിസം വകുപ്പിന്റെ കൈത്താങ്ങ്. ദുബൈയിലെ അല്‍ റഹ്മാനിയ ഫുഡ് മീല്‍സ് കാറ്റേഴ്‌സിലേക്കാണ് എടക്കര ഇല്ലിക്കാട് കോളനിയിലെ കാരക്കോട് മുക്കം വീട്ടില്‍ അനീഷ് ജോലിക്കായി പോവുന്നത്. ടൂറിസം വകുപ്പിന്റെ സഹായത്തോടെ വിദേശ ജോലിക്ക് പോവുന്ന ജില്ലയിലെ ആദ്യ പട്ടികവര്‍ഗ വിഭാഗക്കാരനാണ് അനീഷ്. വളരെ അപൂര്‍വമായി മാത്രമാണ് കേരളത്തില്‍ നിന്നു ഗോത്രവര്‍ഗക്കാര്‍ വിദേശ ജോലിക്ക് പോവുന്നത്. പട്ടിക വിഭാഗക്കാര്‍ക്കായി കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ആവിഷ്‌കരിച്ച പ്രത്യേക പദ്ധതിയിലൂടെയാണ് അനീഷിന് വിദേശ ജോലിക്ക് അവസരമൊരുങ്ങിയത്. പട്ടിക വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കി വിദേശ ജോലി നല്‍കുന്നതാണ് പദ്ധതി.
പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട അനീഷ് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒരു വര്‍ഷത്തെ കോഴ്‌സ് ചെയ്തിരുന്നു. ഒരു വര്‍ഷം പരിശീലനം പൂര്‍ത്തിയാക്കി നിലവില്‍ നിലമ്പൂര്‍ കെടിഡിസി ടാമരിന്റ് ഹോട്ടലില്‍ കുക്ക് ആയി ജോലി നോക്കുകയാണ്. പരേതനായ പാലന്റെയും ഓനപ്പിയുടെയും മകനാണ് അനീഷ്. ജോലിക്കായുള്ള വിസ ലഭിച്ചിട്ടുണ്ട്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ജോലി നേടുന്നതിന് തുടര്‍ന്നും കെടിഡിസി സൗകര്യമൊരുക്കുമെന്ന് മാനേജിങ് ഡയറക്ടര്‍ അസ്‌കര്‍ അലി പാഷ അറിയിച്ചു.
Next Story

RELATED STORIES

Share it