ആദിവാസി യുവതിയെ പീഡിപ്പിച്ച കേസ്: നാലുപേര്‍ അറസ്റ്റില്‍

നിലമ്പൂര്‍: ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കരുളായി സ്വദേശി ചള്ളിപ്പാടന്‍ മുഹമ്മദ്(ചെറി-43), മമ്പാട് സ്വദേശികളായ പൈക്കാടന്‍ ഫിറോസ്(പുട്ട് ഫിറോസ്-32), കൊന്നക്കോടന്‍ അസ്‌കറലി(നാണി-27), കാരിക്കുന്ന് ജംഷീര്‍(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മൊത്തം ഏഴുപേരാണുള്ളത്.
രണ്ടരവര്‍ഷം മുമ്പ് 22കാരിയായ ആദിവാസി യുവതിയെ മുഹമ്മദ് വനത്തില്‍വച്ച് പലതവണ പീഡിപ്പിക്കുകയും യുവതി ഗര്‍ഭിണിയാവുകയും തുടര്‍ന്ന് പ്രസവിക്കുകയും ചെയ്തു. വനത്തിലെ കൂപ്പില്‍ യുവതിയുടെ കൂടെ ജോലി ചെയ്തിരുന്ന ബാപ്പു എന്നൊരാള്‍ യുവതിയുമായി പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പിന്നീട് ഇയാള്‍ വിദേശത്തേക്കു പോയി. വിദേശത്തുണ്ടായിരുന്ന ഫിറോസിന് യുവതിയുടെ ഫോണ്‍ നമ്പര്‍ നല്‍കി. ഫിറോസ് നിരന്തരം യുവതിയുമായി ഫോണില്‍ ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചു. നാട്ടിലെത്തിയ ഫിറോസ് യുവതിയെ കാറില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വിദേശത്തുനിന്ന് കൊണ്ടുവന്ന വസ്ത്രവും സുഗന്ധദ്രവ്യങ്ങളും നല്‍കാനെന്നു പറഞ്ഞാണ് യുവതിയെ കുടുംബവീട്ടില്‍ നിന്നു കൊണ്ടുപോയത്. നിലമ്പൂരിലെ ഒരു ലോഡ്ജിലും മമ്പാട് താളിപ്പൊയിലിലും രാമംകുത്തുമുള്ള വീടുകളിലും യുവതിയെ എത്തിച്ച് പീഡിപ്പിച്ചിരുന്നു. ലോഡ്ജില്‍ കൊണ്ടുവന്നശേഷം ഫിറോസ് കൂടെയുണ്ടായിരുന്ന ഭര്‍ത്താവിനെയും കുഞ്ഞിനെയും ഭക്ഷണം വാങ്ങാനായി പുറത്തേക്കു വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കളായ അസ്‌കറലിയെയും ജംഷീറിനെയും വിളിച്ചുവരുത്തി യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. അസ്‌കറലിയും ജംഷീറും നിരവധി കേസുകളില്‍ പ്രതിയാണ്. ജില്ലാ പോലിസ് മേധാവി കെ വിജയന്റെ നിര്‍ദേശമനുസരിച്ച് പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി എ വര്‍ഗീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it