ആദിവാസി ഭൂവിതരണത്തിന്റെ അടുത്തഘട്ടം ഫെബ്രുവരിയില്‍

തിരുവനന്തപുരം: ആദിവാസി ഭൂമി വിതരണത്തിന്റെ അടുത്തഘട്ടം ഫെബ്രുവരിയില്‍ നടക്കും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രി പി കെ ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ വനം-റവന്യൂ-ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സര്‍വേ നടപടികള്‍ ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കാനും ഫെബ്രുവരിയില്‍ ഭൂവിതരണം നടത്താനും തീരുമാനമെടുത്തത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഭൂവിതരണത്തിന് പുറമെയാണിത്. പാലക്കാട് ജില്ലയില്‍ ഇതിനുള്ള ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ഒരു കോടി രൂപയും കോട്ടത്തറ ഗവ. ആശുപത്രിക്ക് 50 ലക്ഷം രൂപയും മാനന്തവാടി ജില്ലാ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ് എന്നിവക്ക് 25 ലക്ഷം രൂപ വീതവും അധികമായി അനുവദിക്കും.
അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഒഴിവുള്ള ഗൈനക്കോളജി, പീഡിയാട്രീഷ്യന്‍ തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ ആരോഗ്യവകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കി. കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍നിന്നുള്ള ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെ സേവനം ഇവിടെ ലഭ്യമാക്കുന്ന കാര്യം പരിശോധിക്കും.
അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി പുകഴേന്തി ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ എന്നിവരും റവന്യൂ-വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it