wayanad local

ആദിവാസി ഭൂവിതരണം 22ന്

കല്‍പ്പറ്റ: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ആദിവാസി ഭൂവിതരണത്തിന് മുഖ്യമന്ത്രി ജില്ലയിലെത്തും. 22നാണ് ഭൂവിതരണം നിശ്ചയിച്ചിട്ടുള്ളത്. ആദിവാസി ഗോത്രമഹാസഭ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നില്‍പ്പുസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ പ്രധാന വിഷയമായിരുന്നു മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത ഇരകളായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുകയെന്നത്.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കും അരിവാള്‍ രോഗികള്‍ക്കും ഭൂമി നല്‍കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പും റവന്യൂ വകുപ്പും ചേര്‍ന്നാണ് നടപടികള്‍ സ്വീകരിച്ചത്.
അര്‍ഹിക്കുന്ന മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാനുള്ള നടപടികള്‍ നടന്നുവരികയാണെന്നു പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. ആശിക്കുന്ന ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 450ഓളം പേര്‍ക്ക് ഇതിനോടകം ഭൂമി നല്‍കിക്കഴിഞ്ഞു.
സുപ്രിംകോടതി വിധി പ്രകാരം വിട്ടുകിട്ടിയ വനഭൂമിയില്‍ വാസയോഗ്യമായവ കണ്ടെത്തി ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്യാനുള്ള നടപടികളും നടന്നുവരികയാണ്. മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളോടൊപ്പമുണ്ടായിരുന്ന കുട്ടികളില്‍ 44 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചുകഴിഞ്ഞു.
നില്‍പ്പുസമരത്തിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ മറ്റൊരു പ്രധാന വിഷയമായിരുന്നു പെസ നിയമം കേരളത്തില്‍ നടപ്പാക്കി പട്ടികവര്‍ഗ മേഖലകളെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തുകയെന്നത്. ഇതുപ്രകാരം വയനാട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളെ ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുത്തി 1996ലെ പെസ നിയമത്തിന്റെ (പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്റ്റ്) പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്രമന്ത്രിസഭ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കും.
സംസ്ഥാന മന്ത്രിസഭാ യോഗം നേരത്തെ തീരുമാനമെടുത്ത് ഈ വിഷയം കേന്ദ്രത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഇതും യാഥാര്‍ഥ്യമാവുന്നതോടെ നില്‍പ്പുസമരത്തിലെ പ്രധാന വിഷയങ്ങളിലെല്ലാം തീരുമാനമെടുക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Next Story

RELATED STORIES

Share it