wayanad local

ആദിവാസി കോളനികളില്‍ രോഗങ്ങള്‍ പിടിമുറുക്കുന്നു

പുല്‍പ്പള്ളി: മേഖലയിലെ ആദിവാസി കോളനികളെ രോഗങ്ങള്‍ കീഴടക്കുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്നതും പോഷകാഹാരങ്ങളുടെ കുറവും അമിത മദ്യപാനവുമാണ് പ്രധാന കാരണങ്ങള്‍.
ചൊറി, ത്വക്ക് രോഗങ്ങള്‍, ചുമയും ശ്വാസം മുട്ടലും, ആസ്ത്മ, ക്ഷയം, കരള്‍രോഗം എന്നിവയാണ് വ്യാപകം. അടുത്തകാലത്തായി കുട്ടികളിലും സ്ത്രീകളിലും മദ്യപാനശീലം വര്‍ധിച്ചിട്ടുണ്ട്. ഭക്ഷണം കഴിത്താതെ തുടര്‍ച്ചയായി മദ്യപിക്കുകയും പിന്നീട് എവിടെയെങ്കിലും മയങ്ങിക്കിടക്കുകയും ചെയ്ത് ദിവസങ്ങള്‍ തള്ളിനീക്കുന്നതോടെ പലരും രോഗത്തിന്റെ പിടിയിലാവുകയാണ്.
പോഷകാഹാരത്തിന്റെ കുറവ് മൂലം രോഗപ്രതിരോധശേഷി നഷ്ടപ്പെട്ട് ചുമയും ശ്വാസതടസ്സവും ബാധിച്ച് ആസ്ത്മയുടെ പിടിയിലായ നിരവധി ആദിവാസികള്‍ പുല്‍പ്പള്ളി മേഖലയിലെ കോളനികളിലുണ്ട്.
രോഗമെന്താണെന്നു തിരിച്ചറിയാതെ ചുമയും ശ്വാസതടസ്സവും ബാധിച്ച് അതിന് മരുന്ന് കഴിക്കുന്ന ക്ഷയരോഗ ബാധിതരായ ആദിവാസികളും കോളനികളില്‍ കഴിയുന്നു. അത്തരം ചിലരെ മറ്റ് രോഗികളെ ചികില്‍സിക്കുന്നതുപോലെ തന്നെ ആശുപത്രി വാര്‍ഡുകളില്‍ മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിച്ചികില്‍സിക്കുന്നുമുണ്ട്.
ടിബി സാനിട്ടോറിയം വയനാട്ടില്‍ ഇല്ലാത്തതാണ് ഇത്തരം രോഗികള്‍ക്കു വിനയായത്. മുമ്പൊക്കെ ജോലിക്കുപോയി ലഭിക്കുന്ന പണത്തില്‍ നിന്ന് അരിയും മറ്റ് സാധനങ്ങളും വാങ്ങിയതിനു ശേഷമുള്ള പണം കൊടുത്തായിരുന്നു മദ്യം വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍, അരി സൗജന്യമായി ലഭിക്കുന്നതിനാല്‍ പണിയെടുത്ത് കിട്ടുന്ന മുഴുവന്‍ പണവും മദ്യത്തിന് വേണ്ടി ചെലവഴിക്കാമെന്നതും ആദിവാസികളെ രോഗികളാക്കി മാറ്റുന്നുണ്ട്. കൊളവള്ളി അംബേദ്കര്‍ കോളനി, ചീയമ്പം കാട്ടുനായ്ക്ക കോളനി, ദേവര്‍ഗദ്ദ കോളനി, വെട്ടത്തൂര്‍ ആദിവാസി കോളനി, ചേകാടി കോളനി എന്നിവിടങ്ങളിലെല്ലാം നിരവധി ആദിവാസികള്‍ക്ക് ത്വക്ക് രോഗങ്ങളും ചൊറിയും ബാധിച്ചിട്ടുണ്ട്. വൃത്തിയും ശുചിത്വമില്ലാത്തതും രോഗാണുക്കള്‍ കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നതുമാണ് ഇത്തരം രോഗം പടരാനുള്ള കാരണം.
Next Story

RELATED STORIES

Share it