kannur local

ആദിവാസി കുട്ടികള്‍ മാലിന്യം ഭക്ഷിച്ച സംഭവം വിവാദത്തില്‍

കണ്ണൂര്‍: പേരാവൂര്‍ ഓണപ്പറമ്പ് കോളനിയില്‍ ആദിവാസി കുട്ടികള്‍ മാലിന്യക്കൂമ്പാരത്തില്‍ നിന്നു ഭക്ഷണം വാരിത്തിന്ന സംഭവത്തെ ചൊല്ലി പുതിയ വിവാദം. സംഭവം കെട്ടിച്ചമച്ചതാണെന്നും യുഡിഎഫ് സര്‍ക്കാരിനെതിരായ ഗൂഢാലോചനയാണെന്നും കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സോമാലിയയോട് ഉപമിക്കാന്‍ വരെ കാരണമായി ചൂണ്ടിക്കാട്ടിയ സംഭവമാണ് പുതിയ രാഷ്ട്രീയ വിവാദത്തിനു കാരണമായിരിക്കുന്നത്.
സംഭവം ആദ്യമായി പുറത്തുകൊണ്ടുവന്ന പ്രമുഖ പത്രം യുഡിഎഫ് മുന്നണിയിലെ പ്രമുഖ ഘടകക്ഷിയുടേതാണെന്നതും ശ്രദ്ധേയമാണ്. എന്നാല്‍, പത്രത്തിന്റെ പ്രാദേശിക ലേഖകനെതിരേയാണ് കോണ്‍ഗ്രസ് ആരോപണം. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നും കോ ണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ആദിവാസി കുട്ടികളുമായും രക്ഷിതാക്കളുമായും നടത്തിയ വീഡിയോ അഭിമുഖത്തില്‍, പണം നല്‍കിയും സിനിമയില്‍ അഭിനയിക്കുകയുമാണെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് മാലിന്യക്കൂമ്പാരത്തില്‍ നിന്നു ഭക്ഷണമെടുത്ത് കഴിച്ചതുമെന്നും വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തല്‍ ചിത്രീകരിച്ച് കോ ണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.
മാസങ്ങള്‍ക്കു മുമ്പാണ് ഒരു പ്രമുഖപത്രത്തിലെ ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതേത്തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷനും സംസ്ഥാന പട്ടികവര്‍ഗ കമ്മീഷനുമെല്ലാം റിപോര്‍ട്ട് തേടിയിരുന്നു. ദേശീയമാധ്യമങ്ങളിലടക്കം വന്‍ വാര്‍ത്താപ്രാധാന്യം നേടിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സോമാലിയേക്കാള്‍ കഷ്ടമാണെന്നു പറഞ്ഞത്. ഇതിനെതിരേ സോഷ്യല്‍ മീഡിയയിലും ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി രംഗത്തെത്തിയിരുന്നു. പുറത്തു നിന്ന് വാങ്ങിയ പഴം മാലിന്യകേന്ദ്രത്തില്‍ നിന്നു ഭക്ഷിക്കാനായി നല്‍കിയെന്നാണ് ആദിവാസി കുട്ടികള്‍ വെളിപ്പെടുത്തിയത്. യുഡിഎഫ് സര്‍ക്കാരിനെ പൊതുവെയും പേരാവൂരില്‍ യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ അഡ്വ. സണ്ണി ജോസഫിനെയും വ്യാജപ്രചാരണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ സിപിഎം-ബിജെപി നേതൃത്വങ്ങളുടെ ഒത്താശയോടെയാണ് കൃത്രിമവീഡിയോ പടച്ചുണ്ടാക്കിയതെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടുത്ത മനുഷ്യാവകാശലംഘനമാണിത്. നിയമനടപടികളുമായി മുന്നോട്ടുപോവും. വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി നിര്‍വാഹകസമിതി അംഗങ്ങളായ മാര്‍ട്ടിന്‍ ജോര്‍ജ്, കെ പ്രമോദ്, ഡിസിസി വൈസ് പ്രസിഡന്റ് വി വി പുരുഷോത്തമന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it