ആദിവാസി കുട്ടികള്‍ നാളെ ഗോത്രകലകള്‍ അവതരിപ്പിക്കും

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ആദിവാസി കുട്ടികള്‍ നാളെ യുവജനോത്സവ വേദിയില്‍ തങ്ങളുടെ ഗോത്രകലകള്‍ അവതരിപ്പിക്കും. കാസര്‍കോഡ്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലയില്‍ നിന്നുള്ള കുട്ടികളാണ് തങ്ങളുടെ ഗോത്രകലകളായ ഇരുള നൃത്തം, പണിയനൃത്തം, മംഗലം കളി, മലയപ്പുലയ ആട്ടം, പളിയ നൃത്തം എന്നിവ അവതരിപ്പിക്കുന്നത്. ഗാന്ധി പാര്‍ക്കിലെ സാംസ്‌കാരികോത്സവ വേദിയില്‍ വൈകീട്ട് ഏഴ് മണിക്കാണ് ഗോത്രകലകളുടെ അവതരണം.
കലോല്‍സവ വേദികളില്‍ ഗോത്രകലാരൂപങ്ങള്‍ അവഗണിക്കപ്പെടുകയും ആദിവാസി കുട്ടികള്‍ക്ക് പങ്കാളിത്തമില്ലാതിരിക്കുകയും ചെയ്യുന്നത് വിവാദമായതിനെ തുടര്‍ന്നാണ് യുവജനോത്സവത്തിന് ഈ ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ധാരണയായത്. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി ജില്ലയിലെ 23 ഗവ.സ്‌കൂളുകള്‍ക്ക് 50000 രൂപ വീതം നല്‍കിയാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കിയത്. കിര്‍ത്താര്‍ഡ്‌സിനായിരുന്നു പദ്ധതിയുടെ ചുമതല. ഈ സ്‌കൂളുകളെ ജില്ലാതലത്തില്‍ മത്സരം നടത്തിയാണ് പത്ത് ടീമുകളെ സംസ്ഥാന കലോത്സവത്തിലേക്ക് തെരഞ്ഞെടുത്തത്. എന്നാല്‍ കലോത്സവ മാന്വല്‍ പരിഷ്‌ക്കരിച്ച് ഗോത്രകലകള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. ഈ സാഹചര്യത്തിലാണ് മത്സരമില്ലാത്ത വേദിയായ സാംസ്‌കാരികോത്സവത്തില്‍ ഗോത്രകലകള്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
Next Story

RELATED STORIES

Share it