ആദിവാസി ഊരുകളിലെ മദ്യനിരോധനം; വനിതാ സംഘടനയുടെ രാപ്പകല്‍ സമരത്തിനു തുടക്കം

പാലക്കാട്: ആദിവാസി ഊരുകളിലെ മദ്യനിരോധനം ഫലപ്രദമായി സര്‍ക്കാര്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനയായ തായ്ക്കുലം സംഘത്തിന്റെ നേതൃത്വത്തില്‍ ആനക്കട്ടി ജങ്ഷനില്‍ റോഡരികില്‍ കുടില്‍കെട്ടി രാപ്പകല്‍ സമരം തുടങ്ങി. അട്ടപ്പാടിയിലെ 192 ഊരുകളില്‍ നിന്നു വനിതകള്‍ സമരത്തിലേക്ക് എത്തിക്കൊണ്ടിരിക്കെയാണെന്ന് തായ്ക്കുലം സംഘം സെക്രട്ടറി മരുതി തേജസിനോട് പറഞ്ഞു.
അട്ടപ്പാടിയിലെ ഓരോ ആദിവാസി ഊരുകളില്‍ നിന്നും 10ലേറെ വനിതകള്‍ പങ്കെടുക്കുന്നുണ്ടെന്നും കുടുംബശ്രീ, അയല്‍കൂട്ടം എന്നിവ വഴിയാണ് സമരപരിപാടിയിലേക്ക് ആളുകളെ അണിചേര്‍ക്കുകയെന്നും അവര്‍ അറിയിച്ചു. സമരത്തില്‍ ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ആദിവാസി വനിതകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് പിന്തുണ അഭ്യര്‍ഥിച്ച് വിവിധ ജനപ്രതിനിധികളെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും ഫോണ്‍ വഴി ബന്ധപ്പെട്ടതായും എത്തുമെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു.
അട്ടപ്പാടിയിലേക്ക് മദ്യമെത്തുന്നത് തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ആനക്കട്ടയിലെ വിദേശ മദ്യവില്‍പന ശാലകളില്‍ നിന്നും മണ്ണാര്‍ക്കാട്ടെ കേരള സര്‍ക്കാരിന്റെ വിദേശമദ്യവില്‍പന കേന്ദ്രങ്ങളില്‍ നിന്നുമാണ്. ഈ കേന്ദ്രങ്ങള്‍ അടച്ചാല്‍ ഒരു പരിധിവരെ മദ്യ ഉപയോഗം തടയാനാകും.
ഇക്കാര്യമാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് നിവേദനം സമര്‍പ്പിച്ചിട്ടും ഇതുവരെ യാതൊരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് ആദിവാസി വനിതകളുടെ നേതൃത്വത്തില്‍ ആനക്കട്ടി ജങ്ഷനില്‍ റോഡരികില്‍ കുടില്‍കെട്ടി രാപ്പകല്‍ സമരം നടത്തുന്നത്. 1996 മുതല്‍ ആദിവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി സര്‍ക്കാര്‍ അട്ടപ്പാടിയില്‍ മദ്യനിരോധനം കൊണ്ടുവന്നെങ്കിലും ഇന്നും ഫലപ്രദമായി നടപ്പാകുന്നില്ല. കിഴക്കന്‍ അട്ടപ്പാടിയിലാണ് മദ്യം വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്.
അട്ടപ്പാടിക്ക് പുറത്ത് നിന്നെത്തിക്കുന്ന മദ്യം കൂടിയ വിലയോടെയും ലഹരി ചേര്‍ത്തുമാണ് വിറ്റഴിക്കുന്നത്. അട്ടപ്പാടിയില്‍ വ്യാപകമായിരുന്ന കള്ള് ചെത്തും വ്യാജവാറ്റും നിര്‍ത്തിയെങ്കിലും പുറത്തുനിന്നുള്ളവര്‍ ആദിവാസികളെ പ്രലോഭിപിപ്പിച്ച് മദ്യം നല്‍കുന്നുണ്ട്.
ഇതിനെതിരേ ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ ഉണ്ടായില്ലെങ്കില്‍ ആദിവാസികളുടെ ജീവിതത്തിന് തന്നെ അത് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവിലാണ് സമരപരിപാടി. സമരത്തിന് തായ്ക്കുലം സംഘം പ്രസിഡന്റ് വി കെ ഭഗവതി, സെക്രട്ടറി മരുതി, കെ വഞ്ചി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ആദിവാസി എന്‍ജിഒ സംഘടനയായ തമ്പും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it