wayanad local

ആദിവാസികള്‍ക്ക് നല്‍കിയ ഒാട്ടോറിക്ഷകള്‍ നശിക്കുന്നു

മാനന്തവാടി: ആദിവാസി സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വിതരണം ചെയ്ത ഓട്ടോറിക്ഷകള്‍ ഉപയോഗിക്കപ്പെടാതെ നശിക്കുന്നു. വെള്ളമുണ്ട പഞ്ചായത്തിലെ കെല്ലൂര്‍ വേളൂര്‍ക്കുന്ന് കോളനിയില്‍ നല്‍കിയ രണ്ട് ഓട്ടോറിക്ഷകളാണ് ഒന്നര വര്‍ഷമായിട്ടും ഉപയോഗിക്കപ്പെടാതെ നശിക്കുന്നത്.
ജില്ലയിലെ ആദിവാസി വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഒന്നരവര്‍ഷം മുമ്പ് പട്ടികവര്‍ഗ വകുപ്പ് വനിതാ ഓട്ടോറിക്ഷകള്‍ (ഷീ ടാക്‌സി) വിതരണം ചെയ്തത്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും ഉറപ്പുവരുത്തി വിതരണം ചെയ്ത ഓട്ടോറിക്ഷകള്‍ക്ക് രണ്ടുലക്ഷത്തിലധികം രൂപയാണ് പട്ടികവര്‍ഗ്ഗ വകുപ്പ് മുടക്കിയത്. മാനന്തവാടി താലൂക്കില്‍ മാത്രം വിവിധ വിഭാഗങ്ങളിലായി 57 ഓട്ടോറിക്ഷകളാണ് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയത്. വേലൂര്‍ക്കുന്ന് കോളനിയിലെ ഗീത, മീനാക്ഷി എന്നിവര്‍ക്ക് നല്‍കിയ ഓട്ടോറിക്ഷകള്‍ ഒരിക്കല്‍പോലും സര്‍വ്വീസ് നടത്തിയിട്ടില്ല. ഈ രണ്ട് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധിയും കഴിഞ്ഞ മെയ് മാസത്തില്‍ പൂര്‍ത്തിയായെങ്കിലും പിന്നീട് ഇത് പുതുക്കിയിട്ടുമില്ല. കോളനിയുടെ മുറ്റത്ത് വാഹനമെത്തിക്കാന്‍ റോഡില്ലാത്തതിനാല്‍ തൊട്ടടുത്ത സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് മഴയും വെയിലുമേറ്റ് ഈ വാഹനങ്ങള്‍ നശിക്കുകയാണ്.
ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കിലും റോഡിലിറക്കി വാഹനമോടിക്കുവാനുള്ള ഭയം കാരണമാണ് ഓട്ടോറിക്ഷകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഏതായാലും മഴയും വെയിലുമേറ്റ് നശിക്കുന്നത് സര്‍ക്കാരിന്റെ ലക്ഷങ്ങളാണ്. ഇവര്‍ക്ക് തന്നെ കൂടുതല്‍ പരിശീലനം നല്‍കി വാഹനങ്ങള്‍ ഉപയോഗപ്പെടുത്താനോ വാഹനമോടിക്കാന്‍ തയ്യാറായവര്‍ക്ക് നല്‍കാനോ പട്ടികവര്‍ഗ വകുപ്പും താല്‍പര്യം കാണിക്കുന്നില്ല.
Next Story

RELATED STORIES

Share it