ആദിത്യനാഥിന് അലഹബാദില്‍ വിലക്ക്

മിര്‍സാപൂര്‍/അലഹബാദ്: വിവാദ ബിജെപി എംപി യോഗി ആദിത്യനാഥിനെ അലഹബാദില്‍ പ്രവേശിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. അലഹബാദ് സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ ആദിത്യനാഥിനു ക്ഷണമുണ്ടായിരുന്നു. ചടങ്ങ് സംഘടിപ്പിക്കാന്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ അലഹബാദിലേക്കു പുറപ്പെട്ട ആദിത്യനാഥിനെ മിര്‍സാപൂരിലെ വിന്ധ്യാചലില്‍ പോലിസ് തടഞ്ഞു.
ഇദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ചില വിദ്യാര്‍ഥിസംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അലഹബാദില്‍ നിരോധനാജ്ഞ നിലവിലുള്ളതിനാല്‍ ആദിത്യനാഥിനെ തടയണമെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചിരുന്നതായി മിര്‍സാപൂര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് അരവിന്ദ് സെന്‍ പറഞ്ഞു. അലഹബാദ് ജില്ലയില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം അവഗണിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും ആദിത്യനാഥിനെ അറിയിച്ചിരുന്നതായി അലഹബാദ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ്കുമാര്‍ പറഞ്ഞു. ജില്ലാ അതിര്‍ത്തിയില്‍ മുന്‍കരുതലായി പോലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, പരിപാടി സര്‍വകലാശാല റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് റിച്ചാ സിങ് നിരാഹാരസമരം തുടങ്ങി. ആദിത്യനാഥിന്റെ സന്ദര്‍ശനത്തില്‍ അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
യൂനിയനില്‍ പ്രസിഡന്റ് ഒഴിച്ചുള്ള ഭാരവാഹികളെല്ലാം എബിവിപിയില്‍ നിന്നുള്ളവരാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥിസംഘടനയായ സമാജ്‌വാദി ക്ഷാത്ര സംഘടനയുടെ പിന്തുണയോടെ സ്വതന്ത്രയായാണ് റിച്ചാ സിങ് ഈ വര്‍ഷമാദ്യം പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ചരിത്രത്തിലാദ്യമായി അലഹബാദ് സര്‍വകലാശാലാ യൂനിയന്‍ പ്രസിഡന്റായ വനിതയാണ് ഇവര്‍.
Next Story

RELATED STORIES

Share it