wayanad local

ആദായനികുതി വകുപ്പ് ഓഫിസ് നാളെ കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിക്കും

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ആദായനികുതി വകുപ്പ് ഓഫിസ് പ്രവര്‍ത്തനം തുടങ്ങുന്നു. കൈനാട്ടിയില്‍ ആരംഭിക്കുന്ന ഓഫിസ് നാളെ രാവിലെ പത്തിന് ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി ആര്‍ രവികുമാര്‍ ഉദ്ഘാടനം ചെയ്യുമെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ വയനാട്ടുകാര്‍ക്ക് കോഴിക്കോട്ടെ ആദായനികുതി ഓഫിസുമായാണ് വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടി വന്നിരുന്നത്. കല്‍പ്പറ്റയില്‍ ഓഫിസ് തുറക്കുന്നതോടെ മൂന്നു താലൂക്കുകളിലെയും ആദായനികുതി ദായകര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ഇവിടെ എത്തിയാല്‍ മതി. കോഴിക്കോട് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണറുടെ കീഴില്‍ അഞ്ചാമത്തെ ഓഫിസാണ് കൈനാട്ടിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഇതോടെ എല്ലാ ജില്ലകളിലും കേന്ദ്ര ആദായനികുതി ഓഫിസുകള്‍ നിലവില്‍വന്നു. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡിന്റെയും നയപരമായ തീരുമാനത്തിന്റെയും ജനസമ്പര്‍ക്ക പരിപാടിയുടെയും ഭാഗമായാണ് കല്‍പ്പറ്റയില്‍ ഓഫിസ് തുടങ്ങുന്നത്. കേരളത്തിലെ 17ാമത്തെ ഓഫിസാണിത്. നികുതിദായകര്‍ക്ക് ഏതുസമയത്തും എത്തി പുതിയ ഓഫിസില്‍ തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാം. ഇതിനു സഹായകരമായി സേവനകേന്ദ്രം (ആയ്കാര്‍ സേവാ കേന്ദ്ര-എഎസ്‌കെ) ഉണ്ടാവും. ഇതിലൂടെ 2014ല്‍ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് പ്രഖ്യാപിച്ച പൊതുജനങ്ങള്‍ക്കുള്ള എല്ലാ സഹായങ്ങളും ലഭ്യമാവും.
ഉദ്ഘാടനച്ചടങ്ങില്‍ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ പ്രണാബ്കുമാര്‍ ദാസ് അധ്യക്ഷത വഹിക്കും. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പി എന്‍ ദേവദാസന്‍ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ജോയിന്റ് കമ്മീഷണര്‍ കെ എം അശോക്കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ കെ അബ്ദുല്‍ ഖാദര്‍, കെ ശശിധരന്‍, ഇന്‍കം ടാക്‌സ് ഓഫിസര്‍ അരുണ്‍ പ്രശാന്ത് പങ്കെടുത്തു.
Next Story

RELATED STORIES

Share it