ആദായനികുതി കൈക്കൂലിക്കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയുടെ വിമര്‍ശനം



സ്വന്തം പ്രതിനിധി

തിരുവനന്തപുരം: ആദായനികുതി കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിബിഐ കോടതിയുടെ വിമര്‍ശനം.
കൈക്കൂലിക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടിയുടെയും ഇന്‍കം ടാക്‌സ് ഓഫിസര്‍ ശരത്തിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് സിബിഐ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ മോശമായി ബാധിക്കുമെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
ഇതിനിടെയാണ് കേസിലെ മുഴുവന്‍ വസ്തുതകളും കോടതിയെ അറിയിക്കുന്നതില്‍ സിബിഐ സംഘത്തിനു വീഴ്ച പറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ജാമ്യത്തെ എതിര്‍ത്തുള്ള സത്യവാങ്മൂലത്തിലും റിമാന്‍ഡ് റിപോര്‍ട്ടിലും കേസിന്റെ കൂടുതല്‍ വസ്തുതകള്‍ ഇല്ലാത്തതിനെയും കോടതി വിമര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട് കുമാര്‍ എന്നയാള്‍ ആത്മഹത്യ ചെയ്തതു അറിയിച്ചിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതി ജഡ്ജി ആര്‍ രഘു ആക്ഷേപമുന്നയിച്ചു. വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഐ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ചേക്കും.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റി. കോട്ടയത്ത് വച്ച് ജ്വല്ലറി ഉടമയില്‍ നിന്നു 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശൈലേന്ദ്ര മമ്മടി അറസ്റ്റിലായത്. ശരത്ത് തിരുവനന്തപുരത്തു നിന്നും അറസ്റ്റിലായി. ശരത്തിന്റെ വട്ടിയൂര്‍ക്കാവ് പിടിപി നഗറിലെ വീട്ടില്‍ സിബിഐ നടത്തിയ പരിശോധനയില്‍ എട്ട് വെടിയുണ്ടകളും 21 കുപ്പി മദ്യവും കണ്ടെടുത്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതതല ബന്ധമുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍ സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു.
Next Story

RELATED STORIES

Share it