ആദര്‍ശ് കെട്ടിടം പൊളിച്ചുനീക്കണമെന്ന് ബോംബെ ഹൈക്കോടതി

മുംബൈ: വിവാദമായ മുംബൈ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുടെ 31 നില ഫഌറ്റുകള്‍ പൊളിച്ചുനീക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനു മൂന്നുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളായവരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കുമാണ് മുംബൈ കൊളാബയില്‍ ഫഌറ്റ് നിര്‍മിച്ചത്.
എന്നാല്‍, ചില രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും ഫഌറ്റുകള്‍ കൈക്കലാക്കിയ പശ്ചാത്തലത്തിലാണ് അവ പൊളിച്ചുമാറ്റാന്‍ ജസ്റ്റിസുമാരായ ആര്‍ വി മോര്‍, ആര്‍ ജി കെറ്റ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്. ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കാനും കോടതി നിര്‍ദേശം നല്‍കി. കെട്ടിടം നിര്‍മിച്ചത് തീരപരിപാലനചട്ടം ലംഘിച്ചാണെന്നും തൊട്ടടുത്ത നാവികസേനാ കേന്ദ്രത്തിന് അത് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. അശോക് ചവാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആദര്‍ശ് ഫഌറ്റ് സമുച്ചയം നിര്‍മിച്ചത്. കെട്ടിടം പൊളിച്ചുമാറ്റാന്‍ കേന്ദ്ര പരിസ്ഥിതി-വനംവകുപ്പുകള്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് ആദര്‍ശ് സൊസൈറ്റി സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Next Story

RELATED STORIES

Share it