Middlepiece

ആത്മവിശ്വാസം കുറയ്ക്കാനുള്ള ചികില്‍സ

ആത്മവിശ്വാസം കുറയ്ക്കാനുള്ള ചികില്‍സ
X
slug-madhyamargamകേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ഒന്നിനു പിറകെ ഒന്നായി ജാഥകള്‍ പ്രയാണം തുടരുമ്പോഴാണ് കോണ്‍ഗ്രസ്സുകാര്‍ക്ക് ആവേശം പകരുന്ന ആ വാര്‍ത്ത പുറത്തുവന്നത്. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ യാത്ര വേണ്ടത്ര ക്ലച്ച് പിടിക്കാതെ പോവുന്നതു കണ്ട് സങ്കടപ്പെടുന്നതിനിടയില്‍ ഇതൊരു പിടിവള്ളിയുമായി.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്കും വിശിഷ്യാ കോണ്‍ഗ്രസ്സിനും അല്‍പം ക്ഷീണം സംഭവിച്ചതായി വിലയിരുത്തിയിരുന്നു. അല്‍പമല്ല, ആഴത്തില്‍ ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നു പിന്നീടുള്ള പല വിലയിരുത്തലുകളിലും പരസ്യമാവുകയും ചെയ്തു. ജനങ്ങള്‍ക്ക് വാരിക്കോരി ക്ഷേമം നല്‍കിയിട്ടും തോല്‍വി ഉണ്ടായതിനു കാരണമറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു കോണ്‍ഗ്രസ്സുകാര്‍. അപ്പോഴാണ് രക്ഷകനായി സാക്ഷാല്‍ എ കെ ആന്റണി അവര്‍കള്‍ രംഗത്തുവരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് എപ്പോഴൊക്കെ വിഷമം നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ എ കെ ആന്റണി രംഗത്തുവരാറുണ്ട്. അമേരിക്കയില്‍ ചികില്‍സയില്‍ ആയതുകൊണ്ട് ഇത്തവണ വരാന്‍ അല്‍പം വൈകിപ്പോയി എന്നുമാത്രം!
അമിത ആത്മവിശ്വാസമാണ് തോല്‍വിക്കു കാരണമെന്നാണ് ഒറ്റവരിയില്‍ ആന്റണി പ്രഖ്യാപിച്ചത്. ഈ അമിത ആത്മവിശ്വാസം പെട്ടെന്ന് ഉണ്ടായതല്ല. അരുവിക്കരയിലെ തകര്‍പ്പന്‍ വിജയമാണ് ഇതിനു കാരണമായതെന്ന് പിന്നീട് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. അതുകൊണ്ട് ആത്മവിശ്വാസത്തെ മുറുകെ പിടിച്ചാല്‍ ഭാവി ഇരുളടഞ്ഞതാവും. അത് കൈവെടിഞ്ഞാലോ ഭാവി ശോഭനവും. ഇത്ര കൃത്യവും സത്യസന്ധവും വസ്തുതാപരവും ചുരുങ്ങിയ വാക്കുകളില്‍ ഉള്ളതുമായ ഒരു തിരഞ്ഞെടുപ്പ് അവലോകനം ഇതിനു മുമ്പ് ഒരിക്കലും ആരും നടത്തിയിട്ടില്ല.
കേരളത്തിന്റെ തിരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ആരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ല. കാര്യങ്ങള്‍ നേരാംവണ്ണം മനസ്സിലാക്കി യഥാവസരം പ്രതികരിക്കുന്ന ശീലം പണ്ടേയുള്ളതിനാല്‍ ആന്റണി തക്കസമയത്ത് ഇടപെട്ട് എന്നു കരുതിയാല്‍ മതി.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പ്രതികരിച്ചിട്ടില്ല. യാത്ര കഴിഞ്ഞ് കെപിസിസി ഓഫിസില്‍ എത്തിയാല്‍ കുറേ റിപോര്‍ട്ടുകള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തോല്‍വി ഉണ്ടായ ഉടന്‍ തന്നെ കെപിസിസി സെക്രട്ടറിമാരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചിരുന്നു. വിശദമായ അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ കെപിസിസി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. യാത്ര കഴിഞ്ഞ് പ്രസിഡന്റ് വന്ന ഉടനെ റിപോര്‍ട്ടുകളില്‍ നടപടികള്‍ സ്വീകരിക്കാമെന്നു കരുതിയതായിരുന്നു. അതിനിടയിലാണ് അമിത ആത്മവിശ്വാസപ്രഖ്യാപനം ആന്റണിയില്‍നിന്നുണ്ടായത്. കെപിസിസി പ്രസിഡന്റിനോട് ഒന്നു ചോദിക്കുകപോലും ചെയ്യാതെയായിരുന്നു ഈ പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ എ കെ ആന്റണിയുടെ പേരില്‍ അച്ചടക്കനടപടി എടുക്കാന്‍ കെപിസിസി പ്രസിഡന്റിനു നിവൃത്തിയുമില്ല. കെപിസിസി പ്രസിഡന്റിന്റെ മുമ്പില്‍ ഇനി ഒരു വഴിയേയുള്ളൂ. എല്ലാ റിപോര്‍ട്ടുകളിലും ഒരു വാചകം കൂട്ടിച്ചേര്‍ക്കുക- തോല്‍വിക്കു കാരണം അമിത ആത്മവിശ്വാസമാണെന്നാണു പൊതുവെ വിലയിരുത്തല്‍.
തുടര്‍ന്ന് ആത്മവിശ്വാസം കുറയ്ക്കാനുള്ള ചികില്‍സാപദ്ധതി രൂപപ്പെടുത്തുന്നതിനുള്ള ഗൗരവപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാം. $
Next Story

RELATED STORIES

Share it