thrissur local

ആതിരപ്പിള്ളി വിഷയം: പ്രത്യേക പ്രഖ്യാപനങ്ങളൊന്നും നടത്താതെ രമേശ് ചെന്നിത്തല മടങ്ങി

തൃശൂര്‍: അതിരപ്പിള്ളി വിഷയത്തില്‍ പ്രത്യേക പ്രഖ്യാപനങ്ങളൊന്നും നടത്താതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മടങ്ങി. ഇന്നലെ വാഴച്ചാലില്‍ സംഘടിപ്പിച്ച അതിരപ്പിള്ളിയുടെ അതിജീവനം എന്ന പരിപാടിയില്‍ പങ്കെടുക്കവെ പദ്ധതിക്കെതിരായി പ്രതിപക്ഷത്തിന്റെ നിലപാടു പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല.
പകരം അതിരപ്പള്ളി പദ്ധതിയില്‍ ജനഹിതത്തിനൊപ്പമാണ് കോണ്‍ഗ്രസിന്റെ മനസെന്നും പദ്ധതി സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് കെപിസിസിക്കും സര്‍ക്കാരിനും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10ഓടെ ആതിരപ്പള്ളി വ്യൂപോയന്റ് വാഴച്ചാല്‍ വ്യൂ പോയന്റ് മേഖലകള്‍ സന്ദര്‍ശിച്ച ചെന്നിത്തലയും സംഘവും നിര്‍ദ്ദിഷ്ട ഡാം സൈറ്റിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പരിപാടിക്കായി എത്തിയത്. ചെന്നിത്തലയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തയ്യാറാക്കിയ താല്‍ക്കാലിക പന്തലില്‍ ആദിവാസി ഊരുകളിലെ താമസക്കാരും അതിരപ്പിള്ളി നിവാസികളുമെല്ലാം പങ്കെടുത്തിരുന്നു. അതിരപ്പിള്ളി പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ വിലയിരുത്തലാണ് പ്രകൃതി സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എസ്പി രവി പങ്കുവച്ചത്.
പദ്ധതി തകര്‍ക്കുന്ന ആവാസ വ്യവസ്ഥയെക്കുറിച്ചും വംശനാശംവരെ സംഭവിക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ചും രാജശ്രീ വിശദമാക്കി. അതിരപ്പിള്ളി മേഖലയിലെ പ്രത്യേക ഗോത്രവിഭാഗമായ കാടര്‍ വംശജരുടെ അനുവാദമില്ലാതെ ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഊരു മൂപ്പത്തി വി കെ ഗീത പറഞ്ഞത്.
2006ല്‍ ആദിവാസികള്‍ക്ക് പ്രത്യേകമായി വനസംരക്ഷണ അവകാശം നല്‍കിക്കൊണ്ടുള്ള വനാവകാശനിയമത്തിന്റെ ലംഘനമാണ് പദ്ധതി നടത്തുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. അതിരപ്പിള്ളി സമര നേതാവ് എം മോഹന്‍ദാസ്, ജവഹര്‍ ബാല ജനവേദിയിലെ കുട്ടികളുടെ പ്രതിനിധി ആദികിരണ്‍, വനസംരക്ഷണ സമിതി അംഗങ്ങളായ ജാനകി, ഇന്ദിര തുടങ്ങിയവരും സംവാദത്തില്‍ സംബന്ധിച്ചു. യോഗത്തിനു ശേഷം ആദിവാസികലാ രൂപമായ തപ്പും തുടിയും അവതരിപ്പിച്ചു. തുടര്‍ന്ന് മരുതു മരത്തിനു ചുറ്റും ജവഹര്‍ബാല വേദി കുട്ടികള്‍ കൈകോര്‍ത്തു നിന്നു. പുഴസംരക്ഷണത്തിന്റെ പേരില്‍ പ്രതീകാത്മകമായി കടലാസു വഞ്ചികള്‍ പുഴയിലൊതുക്കിയതോടെ പരിപാടികള്‍ സമാപിച്ചു.
Next Story

RELATED STORIES

Share it