ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി: സിപിഎമ്മിനെതിരേ നിലപാട് കടുപ്പിച്ച് സിപിഐ

കൊച്ചി/തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരേ നിലപാട് കടുപ്പിച്ച് സിപിഐ. പദ്ധതി സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ പദ്ധതി മൂലമുണ്ടാവുമെന്നു പറയുന്ന മെച്ചത്തെക്കാള്‍ പതിന്മടങ്ങ് കൂടുതലാണെന്നതിനാല്‍ അതൊഴിവാക്കുകയാണ് അഭികാമ്യമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ് പറഞ്ഞു. എം സുകുമാരപ്പിള്ള ഫൗണ്ടേഷന്‍ എറണാകുളത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷവും എല്‍എല്‍ബി മാതൃകാ പ്രവേശനപ്പരീക്ഷയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതിയെ നശിപ്പിക്കുന്ന പദ്ധതികള്‍ക്കു പിന്നാലെ പായുകയല്ല ഭരണാധികാരികള്‍ ചെയ്യേണ്ടത്. പ്രകൃതിയുടെ നിലനില്‍പ്പിനായി മലകളും പുഴകളും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അവ ഇടിച്ചുനിരത്തിയുള്ള വികസനമല്ല കേരളത്തിനാവശ്യം.
പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം അംഗീകരിക്കാനാവില്ല. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ആശ്രയമായ ഭൂമിയില്‍ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടു മാത്രമേ ഏതൊരു വികസനവും നടപ്പാക്കാവൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആതിരപ്പിള്ളി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ രംഗത്തെത്തി. ആതിരപ്പിള്ളി പദ്ധതി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് അനിവാര്യമെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ പിണറായിക്കൊപ്പമല്ല- അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it