Kerala

ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി; പ്രക്ഷോഭവുമായി ആദിവാസികള്‍; കേന്ദ്രത്തിനു പരാതി നല്‍കും

ആതിരപ്പിള്ളി  ജലവൈദ്യുതി പദ്ധതി;  പ്രക്ഷോഭവുമായി ആദിവാസികള്‍; കേന്ദ്രത്തിനു പരാതി നല്‍കും
X
Athirappally



എ എം ഷമീര്‍  അഹ്മദ്

തൃശൂര്‍: ഒരിടവേളയ്ക്കു ശേഷം ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുറുകുന്നു. പദ്ധതിക്കെതിരേ പ്രക്ഷോഭവുമായി പ്രദേശത്തെ ആദിവാസി ഊരുകള്‍ രംഗത്ത്. ജലവൈദ്യുതി പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കരുതെന്നു കാട്ടി ആതിരപ്പിള്ളി വാഴച്ചാല്‍ വനമേഖലയിലെ കാടര്‍, മലയര്‍ ഊരുകളുടെ സംയുക്ത സംഘടനയായ ഊരുകൂട്ടം കേന്ദ്രത്തെ സമീപിക്കാന്‍ ഒരുങ്ങുന്നു.
പദ്ധതി പാരിസ്ഥിതിക പ്രത്യാഘങ്ങള്‍ക്കു പുറമേ തങ്ങളുടെ തനത് ആവാസ വ്യവസ്ഥയ്ക്കുകൂടി അപകടം സൃഷ്ടിക്കുമെന്നു കാട്ടി കേന്ദ്ര ആദിവാസിക്ഷേമ മന്ത്രി ജുവര്‍ ഓറമിന് പരാതി സമര്‍പ്പിക്കാനാണു തീരുമാനം. ഇതിനായുള്ള ഒപ്പുശേഖരണം വിവിധ ഊരുകളില്‍ ഊരുകൂട്ടം പ്രതിനിധികളുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരുന്നു.
പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ആതിരപ്പിള്ളിയുമായി ബന്ധപ്പെട്ട സാങ്കേതിക നടപടിക്രമങ്ങള്‍ വൈദ്യുതി വകുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കിവരുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം വനംവകുപ്പും കെഎസ്ഇബിയും പദ്ധതിപ്രദേശത്ത് സര്‍വേനടപടികള്‍ ആരംഭിച്ചെങ്കിലും ആദിവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനായില്ല. മുളകള്‍ കൊണ്ടുള്ള വേലി നിര്‍മിച്ചാണ് ഊരുകൂട്ടത്തിന്റെ നേതൃത്വത്തി ല്‍ സര്‍വേ തടഞ്ഞത്. നേരത്തെ പദ്ധതിപ്രദേശം സന്ദര്‍ശിച്ച കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേകര്‍ ആതിരപ്പിള്ളി പദ്ധതി കേന്ദ്രം എതിര്‍ക്കില്ലെന്ന സൂചന നല്‍കിയതോടെയാണ് സര്‍വേയുമായി വനം-വൈദ്യുതി വകുപ്പുകള്‍ മുന്നോട്ടുവന്നത്. എന്നാ ല്‍, ഇതിനായി ഡിഎഫ്ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കമ്മിറ്റിക്കു മുമ്പാകെ സര്‍വേ അനുവദിക്കില്ലെന്നുകാട്ടി ഊരുകൂട്ടം കത്തു നല്‍കുകയുണ്ടായി. തങ്ങള്‍ കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റിന്റെ (സിഎഫ്ആര്‍) പരിധിയിലായതിനാല്‍ ആദിവാസി ഊരുകളുടെ സമ്മതമില്ലാതെ സര്‍വേ നടക്കില്ലെന്ന് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിരുന്നതായി ആദിവാസികള്‍ പറയുന്നു. ഇക്കാര്യം ഡിഎഫ്ഒ സമ്മതിച്ചെങ്കിലും മുന്നറിയിപ്പില്ലാതെ കഴിഞ്ഞദിവസം സര്‍വേക്കായി ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നുവെന്നും ഊരുകൂട്ടം ഭാരവാഹികള്‍ പറഞ്ഞു.
[related]2000-02ലും പദ്ധതിഭൂമിയില്‍ കെഎസ്ഇബിയും വനംവകുപ്പും സംയുക്തസര്‍വേ നടത്തിയിരുന്നു. ഇതിലൂടെ പദ്ധതിപ്രദേശത്തുനിന്ന് ഒഴിവാക്കേണ്ട വൃക്ഷങ്ങളുടെ മൂല്യം കണക്കാക്കുകയും ഈ തുക വനംവകുപ്പിന് കെഎസ്ഇബി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിസംബന്ധിച്ച പുതിയ റിപോര്‍ട്ട് കേന്ദ്രം ആവശ്യപ്പെട്ടതിനാലാണ് വീണ്ടും സര്‍വേ നടത്താന്‍ സംസ്ഥാനം തീരുമാനിച്ചത്. ഇതിനിടെ 14 വര്‍ഷം പിന്നിട്ടതിനാ ല്‍ പുതിയ സര്‍വേയില്‍ മുമ്പ് വിലനല്‍കിയ വൃക്ഷങ്ങളുടെ മൂല്യത്തില്‍ വ്യത്യാസം വന്നിട്ടുണ്ടെന്നും തുക പുതുക്കി നിശ്ചയിക്കണമെന്നും വനംവകുപ്പ് വൈദ്യതി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നല്‍കിയതില്‍നിന്ന് അധികമായി കണക്കാക്കുന്ന തുക നല്‍കാന്‍ തയ്യാറാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുമുണ്ട്. പ്രതിഷേധങ്ങളുണ്ടായാലും സര്‍വേ തുടരാന്‍തന്നെയാണ് ഇരുവകുപ്പുകളുടെയും നീക്കം.
ആതിരപ്പിള്ളി വനമേഖലയിലെ എട്ട് കാടര്‍ സെറ്റില്‍മെന്റുകളിലായി 163 കാടര്‍ കുടുംബങ്ങള്‍ക്കും ഒരു മലയര്‍ സെറ്റില്‍മെന്റിലിനും കഴിഞ്ഞ വര്‍ഷമാണ് വനം, ഗ്രോത്ര ക്ഷേമ വകുപ്പുകള്‍ സിഎഫ്ആര്‍ പത്രിക നല്‍കിയത്. ജലവൈദ്യുതി പദ്ധതിയാഥാര്‍ഥ്യമായാല്‍ ആതിരപ്പിള്ളി വനമേഖലയിലെ ചാര്‍പ്പ, വാഴച്ചാല്‍, കൊല്ലത്തിരുമേട് റേഞ്ചുകളിലായി 140 ഹെക്ടര്‍ ഭൂമി പൂര്‍ണമായി നശിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പദ്ധതിക്കെതിരേ രംഗത്തുണ്ട്.
Next Story

RELATED STORIES

Share it