Kerala

ആതിരപ്പിള്ളി, ഗെയില്‍ പദ്ധതികള്‍: സര്‍ക്കാര്‍ സജ്ജമെന്നു മുഖ്യമന്ത്രി; നിലപാട് മാറ്റില്ല

ആതിരപ്പിള്ളി, ഗെയില്‍ പദ്ധതികള്‍: സര്‍ക്കാര്‍ സജ്ജമെന്നു മുഖ്യമന്ത്രി; നിലപാട് മാറ്റില്ല
X
PINARAYI_VIJAYAN-new

തിരുവനന്തപുരം: ഇതിനകം വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ച ആതിരപ്പിള്ളി, ഗെയില്‍ പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ചു പരോക്ഷമായി സൂചിപ്പിച്ച മുഖ്യമന്ത്രി ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കു സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നു പ്രഖ്യാപിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതി തടസ്സപ്പെടുത്തുന്നതിനു സര്‍ക്കാരിനെ മുന്‍കൂറായി ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത്തരം ആളുകള്‍ ഇതൊരു പൊതു ആവശ്യമായി കണ്ട് സഹകരിക്കാന്‍ തയ്യാറാവണം. എതിര്‍പ്പുകളാണു പദ്ധതികള്‍ നേരിടുന്ന പൊതുപ്രശ്‌നം.
വാതക പൈപ്പ്‌ലൈന്‍ നാടിന് ആവശ്യമാണ്. എതിര്‍പ്പുമൂലം പദ്ധതി വേണ്ടെന്നുവയ്ക്കില്ല. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവും. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാരം തൃപ്തികരമായിരുന്നില്ല. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹാരം കാണും. പശ്ചാത്തലസൗകര്യ വികസനവുമായി ബന്ധപ്പെട്ടാണ് ആതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പരോക്ഷമായി പരാമര്‍ശിച്ചത്. വികസനത്തിന് ഏറ്റവും പ്രധാനം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയാണ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ ചിലര്‍ക്ക് ചില്ലറ അസൗകര്യങ്ങള്‍ ഉണ്ടായേക്കാം.
നാടിന്റെ പൊതുതാല്‍പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. ആതിരപ്പിള്ളിയുടെ കാര്യത്തില്‍ ആശയക്കുഴപ്പമില്ല. അതിന്റെ മറ്റു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ കൂടുതല്‍ പരിശോധിക്കാം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതു കേരളത്തിന്റെ പൊതുവായ ആവശ്യമാണ്. എന്നാല്‍ തമിഴ്‌നാടിന്റെ സഹകരണവും കേന്ദ്രത്തിന്റെ അനുമതിയും വേണം. ഡാമിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം തമിഴ്‌നാടും കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പുതിയ പരിശോധന ആവശ്യമാണ്. അന്താരാഷ്ട്ര സാങ്കേതികവിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന സമിതി ഡാമിന്റെ ബലത്തെക്കുറിച്ച് പരിശോധിക്കണം.
അതിനും തമിഴ്‌നാടിന്റെയും കേന്ദ്രത്തിന്റെയും സമ്മതം വേണം. ഇത് സംഘര്‍ഷത്തിലൂടെ നേടാനാവില്ല. തമിഴ്‌നാടുമായി ചര്‍ച്ചചെയ്തു പരിഹാരം കാണാനാണു ശ്രമിക്കുന്നത്. മുല്ലപ്പെരിയാര്‍ സംബന്ധിച്ചു പുതിയ പ്രശ്‌നങ്ങള്‍ നിലവിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it