ആതിരപ്പിള്ളി; കോണ്‍ഗ്രസ് ജനഹിതത്തിനൊപ്പം: പ്രതിപക്ഷ നേതാവ്

തൃശൂര്‍: ആതിരപ്പിള്ളി വിഷയത്തില്‍ ജനഹിതത്തോടൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വാഴച്ചാലില്‍ സംഘടിപ്പിച്ച ആതിരപ്പിള്ളിയുടെ അതിജീവനം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി സംബന്ധിച്ച് ആതിരപ്പിള്ളി നിവാസികളുടെ സംവാദങ്ങള്‍ക്കും പരാതികള്‍ക്കും മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എക്കാലത്തും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്. ആതിരപ്പിള്ളി പദ്ധതി ഉയര്‍ത്തുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് ആതിരപ്പിള്ളി സംരക്ഷണ പ്രവര്‍ത്തകര്‍ സംവാദത്തില്‍ വിശദമാക്കിയിരുന്നു. ഇതില്‍ നിന്ന് വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടതായും ഇക്കാര്യം സംബന്ധിച്ച് ഉചിതമായ റിപോര്‍ട്ട് കെപിസിസിക്കും സര്‍ക്കാരിനും കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ആതിരപ്പള്ളി എംഎല്‍എ അന്‍വര്‍ സാദത്ത്, വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര, അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, തൃക്കാക്കര എംഎല്‍എ പി ടി തോമസ് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും എത്തിയിരുന്നു.
എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു

തൃശൂര്‍: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പ്രദേശവും ഇതുമൂലം വെള്ളത്തിലാവുന്ന ആദിവാസി കോളനിയും എസ്ഡിപിഐ സംഘം സന്ദര്‍ശിച്ചു. പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഗുരുതരമായ അപകടമുണ്ടാക്കുന്ന പദ്ധതിക്കെതിരേ ആതിരപ്പിള്ളി നിവാസികള്‍ ഒറ്റക്കെട്ടായി സമരരംഗത്താണ്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ ആതിരപ്പിള്ളിയില്‍ ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത് ഭാവി തലമുറയോടു കാണിക്കുന്ന ക്രൂരതയാണ്. ആതിരപ്പിള്ളി സമരസമിതി നേതാക്കളായ കാടാര്‍ ആദിവാസി കോളനിയിലെ ഊരുമൂപ്പത്തി ഗീത, ഇന്ദിര എന്നിവരുമായി സംഘം സംസാരിച്ചു. ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരേ നടക്കുന്ന ജനകീയ സമരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്ന് സന്ദര്‍ശക സംഘത്തോട് ഇവര്‍ അഭ്യര്‍ഥിച്ചു.
സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ്, ജനറല്‍ സെക്രട്ടറി ഇ എം ലത്തീഫ്, ജില്ലാ സെക്രട്ടറിമാരായ എ സുബ്രഹ്മണ്യന്‍, ദിലീഫ് അബ്ദുല്‍ ഖാദര്‍ സന്ദര്‍ശന സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it