kozhikode local

ആതിഥേയരുടെ സുവര്‍ണതാരമായി ലിസ്ബത്ത്

കോഴിക്കോട്: എറണാകുളം, പാലക്കാട് എന്നിവരുള്‍പ്പെടുന്ന ജില്ലകള്‍ കുത്തകയാക്കിയ ജംപിനത്തിലെ കുത്തക തകര്‍ത്തതിന്റെ ആഹ്ലാദത്തിലാണ് ആതിഥേയരായ കോഴിക്കോടിന്റെ ലിസബത്ത് കരോലിന്‍ ജോസഫ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജംപിലാണ് സെന്റ് ജോര്‍ജ് എച്ച്എസ് പുല്ലൂരാംപാറയുടെ ലിസബത്ത് സ്വര്‍ണത്തിലേക്കു പറന്നിറങ്ങിയത്. 5.53 മീറ്ററെന്ന കരിയറിലെ മികച്ച ദൂരമാണ് താരം ഇന്നലെ സ്വന്തം പേരില്‍ കുറിച്ചത്.
സംസ്ഥാന കായികമേളയില്‍ ലിസ്ബത്തിന് ഇതു നാലാമൂഴമാണ്. എന്നാല്‍ സ്വര്‍ണമെന്ന അന്തിമലക്ഷ്യം താരത്തിന് കൈവരിക്കാനായത് ഇത്തവണയാണ്. അതിന്റെ ആഹ്ലാദം ലിസ്ബത്ത് മറച്ചുവച്ചില്ല. അടുത്തിടെ റാഞ്ചിയില്‍ നടന്ന ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ലിസ്ബത്ത് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഹൈജംപില്‍ സ്വര്‍ണവും ലോങ്ജംപില്‍ വെങ്കലവുമായാണ് താരം റാഞ്ചിയില്‍ നിന്നു മടങ്ങിയത്. റാഞ്ചി മീറ്റില്‍ കേരളത്തിന് ആദ്യത്തെ സ്വര്‍ണം സമ്മാനിച്ചതും ലിസ്ബത്തായിരുന്നു. കഴിഞ്ഞ സംസ്ഥാന മീറ്റില്‍ ട്രിപ്പിള്‍ ജംപില്‍ വെങ്കലം നേടിയ താരം തൊട്ടുമുമ്പത്തെ മീറ്റില്‍ ഇതേയിനത്തില്‍ വെള്ളിയും കൈക്കലാക്കിയിരുന്നു.
മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ടോമി ചെറിയാനു കീഴിലാണ് ലിസ്ബത്ത് പരിശീലനം നടത്തുന്നത്. താരത്തെക്കുറിച്ച് കോച്ചിന് വാനോളം പ്രതീക്ഷയാണുള്ളത്. ജൂനിയര്‍ തലത്തില്‍ തന്നെ 5.53 മീറ്റര്‍ ചാടാന്‍ കഴിയുകയെന്നത് വലിയ നേട്ടമാണെന്നും സീനിയര്‍ തലത്തിലെത്തുമ്പോള്‍ ലിസ്ബത്ത് കൂടുതല്‍ മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദേശീയ തലത്തില്‍ കേരളത്തിനായി നേട്ടങ്ങള്‍ കൊയ്യാനുള്ള മിടുക്ക് ലിസ്ബത്തിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ കോഴിക്കോട് കൂടത്തായി എച്ച്എസ്എസിലെ പരിശീകനായിരുന്ന സിബിയാണ് ലിസ്ബത്തിലെ പ്രതിഭയെ കണ്ടെത്തിയത്. കൂടുതല്‍ മികച്ച പരിശീലനത്തിനായി ആറാം ക്ലാസില്‍ പഠിക്കവെ താരത്തോട് പുല്ലുരാംപാറയിലേക്ക് മാറാന്‍ സിബി നിര്‍ദേശിക്കുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി ടോമി ചെറിയാനു കീഴില്‍ പരിശീലനം നടത്തുന്ന ലിസ്ബത്തിന്റെ സ്വപ്‌നം ഒളിംപിക്‌സാണ്. പുല്ലൂരാംപാറ കൊല്ലിത്താനം വീട്ടില്‍ സജി അബ്രഹാം-ലെന്‍സി സജി ദമ്പതികളുടെ മകളാണ് താരം. 10ാം ക്ലാസുകാരിയായ ലിസ്ബത്തിന്റെ സഹോദരിമാരായ ഫിലോ എയ്ഞ്ചല്‍ ജോസഫ്, ആന്‍ ടെറിന്‍സ് ജോസഫ് എന്നിവരും അത്‌ലറ്റിക്‌സിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്.
Next Story

RELATED STORIES

Share it