Editorial

ആണ്‍കോയ്മാവാദത്തെ പ്രോല്‍സാഹിപ്പിക്കരുത്

ഫേസ്ബുക്ക് വഴി ചെറിയാന്‍ ഫിലിപ്പ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ കോളിളക്കങ്ങള്‍ അദ്ദേഹം ഖേദപ്രകടനം നടത്തിയതോടെ അവസാനിച്ചുവോ? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഉടുപ്പൂരി പ്രതിഷേധിച്ചതിനെ കളിയാക്കുന്ന വേളയില്‍, രഹസ്യമായി ഈ സമരം നടത്തിയ സ്ത്രീകള്‍ക്കെല്ലാം പണ്ടും കോണ്‍ഗ്രസ്സില്‍ സീറ്റ് ലഭിച്ചിട്ടുെണ്ടന്നായിരുന്നു പരാമര്‍ശം.
ഇതു കോണ്‍ഗ്രസ്സില്‍ പണ്ടുമുതല്‍ക്കേ സ്ഥാനാര്‍ഥികളായ സ്ത്രീകളെ മാത്രമല്ല, മൊത്തത്തില്‍ സ്ത്രീസമൂഹത്തെ മുഴുവനും അപമാനിക്കുന്ന പോസ്റ്റാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പൊതുരംഗത്ത് ഇടപെടുന്ന സ്ത്രീകളെ ലൈംഗികമായ ദുസ്സൂചനകളോടെ നോക്കിക്കാണുന്ന സമീപനമാണിത്. ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റ് വരുന്നതിനു തൊട്ടുമുമ്പാണ്, സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമില്ലെന്നും സംവരണം ബാക്ക്‌സീറ്റ് ഡ്രൈവിങിനു വഴിയൊരുക്കുകയേയുള്ളൂ എന്നുമുള്ള അര്‍ഥത്തില്‍ ഒരു മുസ്‌ലിം പണ്ഡിതന്‍ പ്രസ്താവിച്ചത്. പൊതുമണ്ഡലം വച്ചുപുലര്‍ത്തുന്ന ആണ്‍കൊയ്മാ മനോഭാവമാണ് രണ്ടു പരാമര്‍ശങ്ങളില്‍ നിന്നും തെളിയുന്നത്.
ആര്‍ക്കും എന്തും പറയാന്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്ന മാധ്യമമാണ് ഫേസ്ബുക്ക്. പലപ്പോഴും ഇത്തരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ തികച്ചും പ്രതിലോമവും നിഷേധാത്മകവുമായ ഫലങ്ങള്‍ ഉളവാക്കാറുണ്ട്. ചെറിയാന്‍ ഫിലിപ്പിനെപ്പോലുള്ള, കെപിസിസിയില്‍ ദീര്‍ഘകാലം ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുകയും പിന്നീട് ഇടതുപക്ഷ പാളയത്തില്‍ അഭയം തേടുകയും പൊതുപ്രശ്‌നങ്ങളെപ്പറ്റി നിരന്തരമായ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്ന ഒരാള്‍, പക്ഷേ, ഇങ്ങനെ നിരുത്തരവാദപരമായ അഭിപ്രായങ്ങള്‍ പറയരുത്.
അല്ലെങ്കിലും എന്താണ് കുറച്ചു കാലമായി ചെറിയാന്‍ ഫിലിപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്? കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റവുമടുത്ത ആളായിരുന്നു അദ്ദേഹം. പാര്‍ട്ടിയിലെ അന്തഃപുര രഹസ്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം; എന്നുവച്ച് അതിന്റെ ആനുകൂല്യം മുതലെടുത്ത് ഇക്കിളിവര്‍ത്തമാനം പറയുകയോ? പുരുഷാധികാരത്തിന്റെ അഹങ്കാരമാണ് അദ്ദേഹത്തിന്റെ പരാമര്‍ശത്തില്‍ തെളിഞ്ഞുനില്‍ക്കുന്നത്. ഖേദപ്രകടനം നടത്തിയെങ്കിലും പോസ്റ്റ് പിന്‍വലിക്കില്ലെന്ന ശാഠ്യം ആ അഹന്തയെ കൂടുതല്‍ ബലപ്പെടുത്തുന്നു.
ചെറിയാന്‍ ഫിലിപ്പിന്റെ അഹന്തയേക്കാള്‍ അപലപനീയം അദ്ദേഹത്തിന്റെ പരാമര്‍ശത്തെ ന്യായീകരിച്ചുകൊണ്ടുള്ള കോടിയേരി ബാലകൃഷ്ണന്റെയും പിണറായി വിജയന്റെയും അഭിപ്രായ പ്രകടനങ്ങളാണ്. കോണ്‍ഗ്രസ്സുകാരനായിരുന്ന കാലത്തു ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അതു പറഞ്ഞതെന്നാണ് ഈ സിപിഎം നേതാക്കളുടെ നിലപാട്. ഒരു ഇടതുപക്ഷ പ്രസ്ഥാനം രാഷ്ട്രീയനേട്ടങ്ങള്‍ക്കു വേണ്ടി എത്രമാത്രം അധമമായി ചിന്തിക്കുമെന്നതിന്റെ ഉദാഹരണമാണിത്.
Next Story

RELATED STORIES

Share it