World

ആണവ വിതരണ സംഘടനാ അംഗത്വം: ഇന്ത്യക്ക് സ്വിസ് പിന്തുണ

ജനീവ: ആണവ വിതരണ സംഘടനയില്‍(എന്‍എസ്ജി) ഇന്ത്യയുടെ അംഗത്വത്തിന് പിന്തുണ നല്‍കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രസിഡന്റ് ജോഹന്‍ ഷ്‌നെയ്ഡര്‍ അമ്മാന്‍ പ്രഖ്യാപിച്ചു. ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വിറ്റ്‌സര്‍ലന്‍ഡിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. 48 അംഗ എന്‍എസ്ജിയിലെ അംഗത്വത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പിന്തുണ ഇന്ത്യക്ക് പ്രതീക്ഷയേകുന്നതാണ്.
ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍എസ്ജി അംഗത്വത്തിന് ശ്രമം നടത്തിവരുകയാണെന്നും മെയ് 12ന് ഇതിനായി ഔദ്യോഗിക അപേക്ഷ സമര്‍പ്പിച്ചതായും ജോഹന്‍ ഷ്‌നെയ്ഡര്‍ ചൂണ്ടിക്കാട്ടി. ഉപാധികള്‍ കൂടാതെയാണ് സ്വിസ് പിന്തുണ. ഇന്ത്യ നല്‍കിയ അപേക്ഷ വ്യാഴാഴ്ച വിയന്നയില്‍ നടക്കുന്ന എന്‍എസ്ജി യോഗം പരിഗണിക്കും. എന്‍എസ്ജി അംഗത്വത്തിന് ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് യുഎസ് നേരത്തേ അറിയിച്ചിരുന്നു.
നികുതിവെട്ടിപ്പുകാര്‍ക്കെതിരേയും കള്ളപ്പണക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതിനും സ്വിറ്റ്‌സര്‍ലന്‍ഡ് ഇന്ത്യക്ക് പൂര്‍ണ സഹകരണം ഉറപ്പാക്കും. ഇതിനായി സ്വിസ് ബാങ്കുകളുടെ സഹകരണം അനിവാര്യമാണെന്ന് മോദി കൂടിക്കാഴ്ചയില്‍ അറിയിച്ചു. സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സംബന്ധിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
നിക്ഷേപകരെക്കുറിച്ചുള്ള വിവരം ഇന്ത്യക്കു ലഭ്യമാവുന്ന തരത്തിലുള്ള സംവിധാനം സംബന്ധിച്ച ചര്‍ച്ചകള്‍ വേഗത്തിലാക്കുമെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി ഇന്നലെ വൈകീട്ട് യുഎസിലേക്കു തിരിച്ചു.
Next Story

RELATED STORIES

Share it