ആണവ നിലയങ്ങള്‍ക്ക് മതിയായ സുരക്ഷയില്ല; യുറേനിയം ഖനിയില്‍ ചോര്‍ച്ചയുണ്ടെന്ന് വിദേശ മാധ്യമ റിപോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആണവനിലയങ്ങള്‍ക്ക് മതിയായ സുരക്ഷയും ആണവ റിയാക്റ്ററുകള്‍ക്ക് ചോര്‍ച്ചയുമുണ്ടെന്ന് വാഷിങ്ടണിലെ മാധ്യമ സ്ഥാപനമായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രേറ്റ്. മാധ്യമ പ്രവര്‍ത്തകനായ അഡ്രിയാന്‍ ലെവിയാണ് ഇതു സംബന്ധിച്ച് റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത.് ജദുഗോറയിലെ യുറേനിയം ഖനിയില്‍ ചോര്‍ച്ചയുണ്ടെന്നും അവിടെനിന്നുള്ള ആണവവികിരണങ്ങള്‍മൂലം ജനങ്ങള്‍ കഷ്ടത്തിലാണെന്നുമാണ് റിപോര്‍ട്ട്.
അതേസമയം, ഇന്ത്യയുടെ ആണവപദ്ധതി തടയാന്‍ വിദേശ ശ്രമം നടക്കുന്നുണ്ടെന്ന് ആണവോര്‍ജ കമ്മീഷന്‍ മേധാവി ശേഖര്‍ ബസു ആരോപിച്ചു. ഇന്ത്യയിലെ ആണവനിലയങ്ങള്‍ക്ക് ചോര്‍ച്ചയുണ്ടെന്നും സുരക്ഷാസംവിധാനങ്ങള്‍ അവതാളത്തിലാണെന്നുമുള്ള ആരോപണങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്റഗ്രേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അഡ്രിയാന്‍ ലെവി ഇന്ത്യയിലെ ആണവപദ്ധതികള്‍ സംബന്ധിച്ച അന്വേഷണ റിപോര്‍ട്ടില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ ശങ്കര്‍ ബസു തള്ളി. ലെവിയുടെ റിപോര്‍ട്ട് ശാസ്ത്രീയമല്ല. അത് വസ്തുതകളെ അടിസ്ഥാനമാക്കിയല്ല, ചില വ്യക്തികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തയ്യാറാക്കിയത്. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിറകില്‍ വ്യക്തമായി രൂപപ്പെടുത്തിയ ചില നയങ്ങളുണ്ട്. കൃത്യമായും ഇന്ത്യന്‍ പദ്ധതികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍നിന്നുള്ളവരല്ല. അക്കാര്യത്തില്‍ ഉറപ്പുണ്ട്. ഇന്ത്യ ദരിദ്രരാജ്യമായി നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന വിദേശരാജ്യങ്ങളിലെ ചിലരാവാം ഇത്തരം പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും ശേഖര്‍ ബസു പറഞ്ഞു.
ഇന്ത്യയില്‍ യുറേനിയം ഖനികളുള്ള ജാദു ഗോറയില്‍ റേഡിയം ആക്റ്റീവ് മുലകത്തിന്റെ ചോര്‍ച്ചയുള്ളതായി ലെവിയുടെ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍, സ്ഥലം സന്ദര്‍ശിച്ച വ്യക്തിയെന്ന നിലയിലും പഠനങ്ങളുടെ അടിസ്ഥാനത്തിലും അവിടെ അത്തരമൊരു പ്രശ്‌നമില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടംകുളം ആണവനിലയത്തില്‍ ലോകത്തിലെ ഏറ്റവും നല്ല റിയാക്റ്ററുകളാണുള്ളത്. അവ സുരക്ഷിതമാണ്. ജപ്പാനിലെ ഹുകുഷിമയില്‍ ഉണ്ടായതുപോലുള്ള ദുരന്തം ഒരിക്കലും ഇവിടെ നടക്കില്ല. ആണവപദ്ധതികള്‍ പ്രശ്‌നമാണെന്നു പറയുന്നത് ശരിയല്ല. അമേരിക്കക്കാര്‍ ഇവിടത്തെ റിയാക്റ്ററുകള്‍ സുരക്ഷിതമല്ലെന്ന് എഴുതിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടംകുളം നിലയത്തിന്റെ ആണവോപകരണ ഭാഗങ്ങള്‍ക്ക് കേടുപാടുകളുണ്ടെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it