thrissur local

ആഢംബര ഹോട്ടലുകളിലെ ടിവി കവരുന്നയാള്‍ അറസ്റ്റില്‍

തൃശൂര്‍: ആഢംബര ഹോട്ടലുകളില്‍ വാടകയ്ക്ക് മുറിയെടുത്ത് ശേഷം ഹോട്ടല്‍ അധികൃതരെ കബളിപ്പിച്ച് ഹോട്ടല്‍ മുറിയിലെ ടെലിവിഷന്‍ മോഷ്ടിക്കുന്നയാള്‍ അറസ്റ്റില്‍. പാലക്കാട് കോങ്ങാട് കക്കയന്‍കോട് എല്‍ഇഡി ശിവന്‍ എന്നറിയപ്പെടുന്ന ശിവകുമാറിനെയാണ് തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പോലിസ് അറസ്റ്റ് ചെയ്തത്. എക്‌സിക്യൂട്ടിവ് വേഷത്തിലെത്തിയാണ് വലിയ ഹോട്ടലുകളില്‍ ഇയാള്‍ മുറിയെടുക്കുക.
കയ്യില്‍ വലിയൊരു ട്രോളി ബാഗുമുണ്ടായിരിക്കും. മുറി വാടകക്കെടുക്കുമ്പോള്‍ തന്നെ അടുത്തെങ്ങാനും ബാഗ് നന്നാക്കുന്ന സ്ഥലമോ തുണി ഇസ്തിരിയിടുന്ന സ്ഥലമോ ഉണ്ടായെന്ന് റിസപ്ഷനില്‍ തിരക്കും. മുറിയിലെത്തി അല്‍പസമയത്തിന് ശേഷം ട്രോളി ബാഗുമായി പുറത്തിറങ്ങും. റിസപ്ഷനിലിരിക്കുന്നവരോട് ബാഗ് റിപ്പയര്‍ ചെയ്ത് വരാമെന്നോ തുണി ഇസ്തിരിയിട്ട് വരാമെന്നോ പറഞ്ഞ് പുറത്തു പോകും. പിന്നീടിയാള്‍ തിരിച്ചു വരാതെയാകുമ്പോള്‍ ഹോട്ടലധികൃതര്‍ മുറി പരിശോധിക്കുമ്പോഴാണ് ടിവി മോഷണം പോയത് അറിയാറുള്ളത്.
ഹോട്ടലില്‍ നല്‍കിയ വിലാസവും മൊബൈല്‍ നമ്പറും വ്യാജമായിരിക്കും. മറ്റുള്ളവരുടെ ഐഡി പ്രൂഫുകളില്‍ സ്വന്തം ഫോട്ടോ പതിച്ച ഫോട്ടോസ്റ്റാറ്റ് എടുത്താണ് ഹോട്ടലുകളില്‍ ഐഡി പ്രൂഫ് നല്‍കാറുള്ളത്.
തൃശൂര്‍ കെഎസ്ആര്‍ടിസി ഹോട്ടലിന് സമീപമുള്ള സോണി ലോഡ്ജില്‍ മുറിയെടുത്ത് ഇവിടെ നിന്നും ടിവി മോഷ്ടിച്ച കേസിന്റെ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 25ഓളം ഹോട്ടലുകളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്. തൃശൂര്‍ ഈസ്റ്റ് എസ്‌ഐ ലാല്‍കുമാര്‍, ഷാഡോ പോലിസ് അംഗങ്ങളായ എസ്‌ഐമാരായ എം പി ഡേവിസ്, വി കെ അന്‍സാര്‍, സീനിയര്‍ സിപിഒമാരായ എന്‍ ജി സുവൃതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, സിപിഒമാരായ ടി വി ജീവന്‍, പി കെ പഴനിസ്വാമി, സി പി ഉല്ലാസ്, എം എസ് ലിഗേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it