ആടു മോഷണത്തില്‍ തുടക്കം; ആര്‍ഭാട വസ്തുക്കളില്‍ ഭ്രമം

സുധീര്‍ കെ ചന്ദനത്തോപ്പ്കൊല്ലം: ആടില്‍ തുടങ്ങി ഇലക്ട്രോണിക്‌സ് സാധനങ്ങളുടെ മോഷണത്തിലെത്തിയ ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നതാണ്. കൊല്ലം ജില്ലയിലെ കുമ്പളത്ത് ആടുമോഷണം നടത്തിയാണ് ആന്റണി വര്‍ഗീസ് എന്ന ആട് ആന്റണിയുടെ തുടക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആടുകളെ മോഷ്ടിച്ചു. അക്കാലത്താണ് ആന്റണിയുടെ ആദ്യ വിവാഹം. തൃശൂര്‍ സ്വദേശിനിയെയായിരുന്നു വിവാഹം ചെയ്തത്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹം. ഒരിക്കല്‍ ആടുമോഷണത്തിനിടെ പിടിക്കപ്പെട്ടതോടെയാണ് ആന്റണി വര്‍ഗീസിന് ആട് ആന്റണിയെന്ന പേരു വീണത്. കോഴിക്കോട്ടായിരുന്നു അടുത്ത താവളം. മോഷണത്തില്‍ ഇലക്ടോണിക്‌സ് സാധനങ്ങളോടായിരുന്നു കമ്പം. ഓരോ മോഷണത്തിലും വ്യത്യസ്ത രീതികള്‍ അവലംബിച്ചതോടെ പോലിസും തുമ്പില്ലാതെ കുഴങ്ങി. ഓരോ സ്ഥലത്തെത്തുമ്പോഴും അവിടെല്ലാം ഭാര്യമാരെ കണ്ടെത്തി. ഓരേസമയം ഒന്നില്‍ക്കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിച്ചിരുന്നു.

പത്രങ്ങളില്‍ പരസ്യം ചെയ്തായിരുന്നു വിവാഹങ്ങളേറെയും. മാന്യമായ പെരുമാറ്റവും വസ്ത്രധാരണവും വഴി നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളെ ആകര്‍ഷിച്ചാണ് വിവാഹം നടത്തിയിരുന്നത്. ബിസിനസ്സുകാരനാണെന്നും പ്രഫഷനാലാണെന്നുമാണ് ഭാര്യമാരോടു പറഞ്ഞിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആന്റണിക്കു ഭാര്യമാരുണ്ടെന്ന് പോലിസ് കണ്ടെത്തിയിരുന്നു. മോഷണത്തില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് ആര്‍ഭാട ജീവിതമാണ് ഇയാള്‍ നയിച്ചിരുന്നത്. ആട് ആന്റണിക്ക് ഇലക്ട്രോണിക്‌സ് സാധനങ്ങളോടുള്ള കമ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്ന ചെന്നൈ മടവാരം ചന്ദ്രപ്രഭു കോളനിയിലെ ഫഌറ്റില്‍ 2012 ജൂലൈയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ വ്യക്തമായത്. കംപ്യൂട്ടറുകളുടെയും ഗൃഹോപകരണങ്ങളുടെയും വന്‍ ശേഖരമാണ് ഇവിടെനിന്ന് പോലിസ് കണ്ടെടുത്തത്. 10 സി.പി.യു, 10 യു.പി.എസ്, നാല് ലാപ്‌ടോപ്പുകള്‍, മൂന്ന് കംപ്യൂട്ടര്‍ മോണിറ്ററുകള്‍, 15 ഹാര്‍ഡ് ഡിസ്‌കുകള്‍ അടക്കം 324 ഇനം സാധനങ്ങളാണ് ഫഌറ്റില്‍ നിന്നു കണ്ടെടുത്തത്.

ഒമ്പത് എല്‍.സി.ഡി. ടി.വികളും കൂട്ടത്തിലുണ്ടായിരുന്നു. ഇവയില്‍ ഒരെണ്ണത്തിന് ലക്ഷത്തിലധികം രൂപ വിലവരും. വാഷിങ് മെഷീനുകള്‍, എയര്‍ കണ്ടീഷനറുകള്‍, ഫര്‍ണിച്ചറുകള്‍, സ്റ്റീല്‍ അലമാരകള്‍, മുന്തിയ ഇനം ആഭരണപ്പെട്ടികള്‍, മ്യൂസിക് സിസ്റ്റം എന്നിവയും തൊണ്ടിമുതലുകളിലുണ്ട്.ട്രോളി ബാഗുകള്‍, അടുക്കള സാമഗ്രികള്‍, രണ്ടുലക്ഷത്തിലധികം വിലവരുന്ന പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍, എട്ടടിയോളം ഉയരമുള്ള ആറ് നിലവിളക്കുകള്‍, ചെറുതും വലുതുമായ നിലവിളക്കുകള്‍, ലക്ഷത്തിലധികം വിലയുള്ള റാഡോ വാച്ച്, മറ്റ് മുന്തിയ ഇനം വാച്ചുകള്‍, ചെമ്പില്‍ നിര്‍മിച്ച ഗൃഹോപകരണങ്ങള്‍, ഇനിയും തിരിച്ചറിയാന്‍ പറ്റാത്ത മറ്റ് നിരവധി ചെറുതും വലുതുമായ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. ചെന്നൈയില്‍ നിന്ന് ലോറിയില്‍ കൊല്ലത്തെത്തിച്ച ഇവ സൂക്ഷിക്കാന്‍ കൊല്ലം കമ്മീഷണര്‍ ഓഫിസിനു സമീപം പാസ്‌പോര്‍ട്ട് സെല്ലിലെ ഒരു ഓഫിസ് തന്നെ ഒഴിപ്പിക്കേണ്ടിവന്നിരുന്നു.
Next Story

RELATED STORIES

Share it