palakkad local

ആടുമേയ്ക്കല്‍ സംഘത്തില്‍ നിന്ന് ഒരു തമിഴ് ബാലനെ കൂടി മോചിപ്പിച്ചു

പാലക്കാട്: ആടുമേയ്ക്കല്‍ സംഘത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത ഒരു തമിഴ് ബാലനെക്കൂടി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. വടക്കഞ്ചേരി കോട്ടേക്കുളം ഭാഗത്ത് ആടുമേയ്ക്കുകയായിരുന്ന മൂന്നംഗസംഘത്തിലെ കുട്ടിയാണിത്. 16 വയസ് പ്രായം തോന്നിക്കുന്ന ബാലനാണിത്. സ്വദേശം തമിഴ്‌നാട് സുലൂര്‍ എന്നാണ് പറഞ്ഞത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കണ്ടെത്തിയ മൂന്നാമത്തെ ബാലനാണിത്. മൂന്നു പേരും സുലൂര്‍ സ്വദേശികളാണെന്നതും പ്രത്യേകതയാണ്. വണ്ടാഴി ഗ്രാമപ്പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് മെംബര്‍ രാധാകൃഷ്ണനാണ് സംഘത്തില്‍ ബാലനെ കണ്ടത് ചൈല്‍ഡ്‌ലൈനില്‍ വിവരമറിയിച്ചത്.
ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് പുത്തന്‍ചിറയുടെ നേതൃത്വത്തില്‍ കോ- ഓഡിനേറ്റര്‍ ഗോപകുമാറും ടീം അംഗം തോമസും സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു. തുടര്‍ന്ന് സിഡബ്ലിയുസി ചെയര്‍മാന്‍ ഫാ. ഡോ. ജോസ് പോള്‍ മുമ്പാകെ ഹാജരാക്കി മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിലാക്കി. എഴുന്നൂറോളം ആടുകളുമായാണ് സംഘം വടക്കഞ്ചേരിയിലെത്തിയിട്ടുള്ളത്. ആടുകളുടെ ഉടമസ്ഥന്റെ പേരോ സ്ഥലമോ ഇവര്‍ പറയുന്നില്ല. കൂടെയുള്ളതില്‍ ഒരാള്‍ കുട്ടിയുടെ അച്ഛനാണെന്ന് പറഞ്ഞെങ്കിലും ഇവര്‍ പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാല്‍ ഇത് കളവാണെന്ന് ബോധ്യമായിട്ടുണ്ട്.
അതേസമയം കഴിഞ്ഞദിവസം കുഴല്‍മന്ദത്തുനിന്നും കണ്ടെത്തിയ 14 വയസുകാരനായ ബാലന്റെ അമ്മ ഇന്നലെ കുട്ടിയെ അന്വേഷിച്ച് എത്തിയിട്ടുണ്ട്. കുട്ടി കുറച്ചുദിവസമേ നാട്ടില്‍ നിന്നുപോയിട്ട് എന്ന് അമ്മ പറഞ്ഞെങ്കിലും അമ്മയെ കണ്ടിട്ട് നാലുവര്‍ഷമായെന്നാണ് കുട്ടി അധികൃതരോട് പറഞ്ഞത്. ബാലവേലകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന നമ്പറിലേയ്ക്ക് വിൡച്ചറിയിക്കണമെന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it