ernakulam local

ആടുകള്‍ക്കുനേരെ തെരുവുനായ ആക്രമണം: നാട്ടുകാര്‍ പ്രതിഷേധത്തില്‍

ആലുവ: തായിക്കാട്ടുകര ഭാഗത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. തായിക്കാട്ടുകര ദാര്‍സലാം തെരുവില്‍ വീട്ടില്‍ റെഷീദിന്റെ വീട്ടിലെ ആട്ടിന്‍ കൂട്ടത്തെ ആക്രമിച്ച നായ്ക്കള്‍ രണ്ട് ആടിനെ കടിച്ചുകീറി കൊല്ലുകയും തള്ളയാടിനെ മാരകമായി കടിച്ച് പരിക്കേല്‍പിക്കുകയും ചെയ്തു.
ഇന്നലെ വെളുപ്പിന് മൂന്നു മണിയോടെയാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. വീടിനോട് ചുറ്റുമുള്ള അഞ്ച് അടിയോളം പൊക്കമുള്ള മതില്‍ ചാടിക്കടന്നാണ് നായ്ക്കൂട്ടം ആടുകളെ ആക്രമിച്ചത്.
ആടിന്റെ കരച്ചില്‍കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് ചെന്നപ്പോള്‍ നായ്ക്കള്‍ അവര്‍ക്കുനേരെ തിരിഞ്ഞപ്പോള്‍ റെഷീദ് കല്ലെടുത്ത് എറിഞ്ഞാണ് നായ്ക്കളെ തുരത്തിയത്. 6ാം ക്ലാസ്സ് വിദ്യാര്‍ഥിയായ മകന്‍ മുഹമ്മദ് റെനീബിന്റെ കളിക്കൂട്ടുകാരായിരുന്നു ചത്ത ആടുകള്‍.
ആടുകളെ അതിരറ്റ് സ്‌നേഹിച്ചിരുന്ന റെനീബ് ഇപ്പോള്‍ മാനസികമായി വളരെ സങ്കടത്തിലാണ്. കൂടിന് സമീപം ചത്ത ആടുകളുടെയും പരിക്കേറ്റ തള്ളയാടിന്റെയും സമീപത്തുനിന്നും മാറാതെ നില്‍ക്കുകയാണ് റെനീബ്. പരിക്കേറ്റ ആടിന് മൃഗഡോക്ടരുടെ നിര്‍ദേശപ്രകാരം ചികില്‍സ ആരംഭിച്ചിട്ടുണ്ട്.
അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് തടസ്സമില്ലെന്ന ഹൈക്കോടതി വിധി ഉണ്ടായിട്ടുപോലും തെരുവുനായ്ക്കള്‍ക്കെതിരേ അധികാരികള്‍ ആരുംതന്നെ മുന്നോട്ടുവരാത്തതില്‍ നാട്ടുകാര്‍ ജോസ് മാവേലിയോടൊപ്പം പ്രതിഷേധം രേഖപ്പെടുത്തി.
തെരുവുനായ്ക്കളുടെ വിളയാട്ടം മൂലം ആടുവളര്‍ത്തലും കോഴിവളര്‍ത്തലുമായി കഴിയുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്നും പട്ടികളെ ഭയന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വഴിനടക്കാന്‍പോലും സാധിക്കുന്നില്ലെന്നും ജോസ് മാവേലി പറഞ്ഞു.
Next Story

RELATED STORIES

Share it