Idukki local

ആടിനെ രക്ഷിക്കാന്‍ കിണറ്റില്‍ ചാടിയ ഗൃഹനാഥനെ രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്

തൊടുപുഴ: സരസ്വതിയേ ഫയര്‍ഫോഴ്‌സിനെ വിളിച്ചേരെ! ഞാന്‍ കിണറ്റിലേക്ക് ചാടുവാണേയ്........ എന്നുളള അമ്മിണിച്ചേട്ടന്റെ ഉച്ചത്തിലുള്ള പറച്ചില്‍ കേട്ടാണ് ഇടവെട്ടി കാലായില്‍ കുട്ടപ്പന്‍ ചേട്ടനും ഉഷസ്സിലെ ശോഭ ചേച്ചിയും ഓടിയെത്തിയത്. അവര്‍ വന്നപ്പോള്‍ കാണുന്ന രംഗം അല്‍പ്പം സീരിയസ്സാണ്.
ആറടിയോളം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി ജീവനോട് മല്ലടിക്കുന്ന തന്റെ പ്രിയപ്പെട്ട വളര്‍ത്താടിനെ രക്ഷിക്കാനായി ഇരുപതടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടാനൊരുങ്ങുകയാണ് ഇടവെട്ടി പുതിയേടത്ത് പരമേശ്വരന്‍ നായര്‍ എന്ന അമ്മിണി ചേട്ടന്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പരമേശ്വരന്‍ നായര്‍ക്ക് സ്വന്തമായി ഏഴ് വളര്‍ത്താടുകളാണ് ഉള്ളത്.
ആട്ടിന്‍ കുട്ടികള്‍ കളിച്ചുല്ലസിക്കുന്നതിനിടെയാണ് ഒരെണ്ണം അപ്രതീക്ഷിതമായി തൊടിയിലെ കിണറ്റില്‍ വീഴുന്നത്. ആടിന്റെ കരച്ചില്‍ കേട്ട് ആദ്യമെത്തിയത് അമ്മിണിച്ചേട്ടന്‍ തന്നെയാണ്. ആറടിയോളം വെള്ളമുള്ള കിണറ്റില്‍ വെള്ളം കുടിച്ച് മുങ്ങിപ്പൊങ്ങുന്ന ആടിനെയാണ് കാണുന്നത്. ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെന്നുറപ്പായി. അങ്ങനെയാണ് കിണറ്റിലേക്കിറങ്ങാന്‍ തന്നെ തീരുമാനിച്ചത്.
ഇറങ്ങുന്നതില്‍ സഹായിക്കാനും മറ്റുമായി അയല്‍വാസികളായ കുട്ടപ്പനും ശോഭയുമെത്തി. കിണറ്റിലേക്കിറങ്ങും മുമ്പ് തനിയെ തിരികെ കയറാന്‍ പറ്റില്ലെന്ന് അമ്മിണിച്ചേട്ടന്‍ ഉറപ്പിച്ചിരുന്നു. അതിനാല്‍ ഫയര്‍ ഫോഴ്‌സിനെ വിളിക്കാന്‍ ഭാര്യ സരസ്വതിയെ ചട്ടം കെട്ടിയിട്ടാണ് കിണറ്റിലിറങ്ങിയത്. വെളളത്തിലെത്തിയ ഉടന്‍ ആടിനെ ഉയര്‍ത്തിപ്പിടിച്ചു. ആടിന്റെ വയറില്‍ ഞെക്കി ഉള്ളിലെ വെള്ളം കളഞ്ഞ് പ്രാഥമിക ശുശ്രൂഷയും നല്‍കി.
ആളും ആടും കിണറ്റില്‍ പോയതറിഞ്ഞ് അയല്‍പ്രദേശത്തു നിന്നു പോലും നൂറുകണക്കിനാളുകളാണ് സ്ഥലത്തെത്തിയത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് ഉടുമ്പന്നൂരില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിക്കാനായി പോയിരുന്നു. ഇതേ തുടര്‍ന്ന് മൂവാറ്റുപുഴ കല്ലൂര്‍ക്കാട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് പരമേശ്വരന്‍ നായരേയും ആടിനേയും കരക്കെത്തിച്ചത്.
Next Story

RELATED STORIES

Share it