ആടികൊണ്ടേയിരിക്കുന്ന വാലുകള്‍

ആടികൊണ്ടേയിരിക്കുന്ന വാലുകള്‍
X
IMTHIHAN-SLUG-352x300ബ്രിട്ടീഷ് രാജ്ഞിയുടെ നവതി നാളുകളായി പത്രമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാജ്ഞിയുടെ ജനനം മുതല്‍ക്കു വിവാഹവും അധികാരാരോഹണവും മറ്റു കുടുംബ പുരാണങ്ങളും എന്തിനേറെ പിറന്നാളാഘോഷത്തിന്റെ വിശദമായ ചിട്ടവട്ടങ്ങള്‍ വരെ. ബ്രിട്ടനു പുറമെ ഏതാനും രാജ്യങ്ങളുടെ കൂടി നിയമ പരമായ ഭരണാധികാരിയാണ് അവര്‍. ഒരു കാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്‍മാരായി ലോകം വാണിരുന്നവരെങ്കിലും ഇപ്പോള്‍ ഭരണഘടനാപരമായ ആലങ്കാരിക പദവി മാത്രമാണ് രാജ ഭരണം. ലോകമെങ്ങും ജനാധിപത്യത്തിന്റെ അപ്പോസ്തലന്‍മാരായി ചമയുമ്പോഴും സായിപ്പിനു കൊളോണിയല്‍ ദുഷ്പ്രഭുത്വത്തിന്റെ അവശിഷ്ടങ്ങളെ മനസ്സില്‍ നിന്നും ഉപേക്ഷിക്കാനാവാത്തതിന്റെ ബാക്കിപത്രം.

obama-with-queenകാര്യം പ്രതീകാത്മക ഭരണാധികാരിയാണെങ്കിലും ബ്രിട്ടീഷ് ജനതയുടെയും ലോകത്തിന്റെ തന്നെയും  ശ്രദ്ധാ കേന്ദ്രമാണ് എന്നും രാജ്ഞിയും അവരുടെ മക്കളും പേരമക്കളും. ലോകത്തിലെ മിക്ക ഭരണാധികാരികളും എന്തിനേറെ അമേരിക്കന്‍ പ്രസിഡന്റുമാര്‍ വരെ അവരെ സന്ദര്‍ശിക്കാനും ഒപ്പം നിന്ന് ഫോട്ടോക്ക് പോസ് ചെയ്യാനും താല്‍പര്യം പ്രദര്‍ശിപ്പിക്കാറുണ്ട്. (അമേരിക്കന്‍ പ്രസിഡന്‍ണ്ടാവാനുളള യോഗ്യതയെക്കുറിച്ച ശശി തരൂര്‍ എം.പിയുടെ ഒരു പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തു പോകുന്നു. പ്രസിഡണ്ടാവാനുളള യോഗ്യത രണ്ടര കുട്ടികള്‍ വേണമെന്നാണത്രെ. ഈ അര കുട്ടി സ്വാഭാവികമായും പ്രസിഡണ്ടിന്റെ പട്ടിയാണ്. പട്ടികളുമൊന്നിച്ചുളള പ്രസിഡണ്ടുമാരുടെ ഫോട്ടോകള്‍ പ്രസിദ്ധമാണ്. അതുപോലെ രാജ്ഞിയുമൊത്തുളളതും. ഇതുവരെ അധികാരത്തിലേറിയ മുഴുവന്‍ പ്രസിഡണ്ടുമാരും രാജ്ഞിയോടൊപ്പമുളള ഫോട്ടോകള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
രാജകുടുംബം താമസിക്കുന്ന ബക്കിംങ്ഹാം കൊട്ടാരം സന്ദര്‍ശിക്കാന്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുളള സന്ദര്‍ശകര്‍ ധാരാളം ഒഴുകിയെത്താറുണ്ട്. കൊട്ടാരത്തിനു ചുറ്റും രാജകുടുംബത്തിന്റെ വിശേഷങ്ങളും രഹസ്യങ്ങളുമറിയാനുളള മാധ്യമപ്രവര്‍ത്തകരുടെ വന്‍ നിര എപ്പോഴും തടിച്ചു കൂടിയിരിക്കും. രാജകുടുബത്തിലെ ഇളമുറ തമ്പുരാക്കന്‍മാരുടെയും തമ്പുരാട്ടിമാരുടേയും കാമകേളികളും അവിഹിതബന്ധങ്ങളും മഞ്ഞപത്രങ്ങള്‍ എന്നറിയപ്പെടുന്ന ഇവയുടെ മുഖ്യ വിഭവമാണ്.

Queen-Elizabeth-IIഅതെല്ലാം സായ്പിന്റെ കാര്യം. പക്ഷേ; ഏകദേശം ഒരു നൂറ്റാണ്ടു നീണ്ടു നിന്ന യാതനാപൂര്‍ണമായ സമരത്തിലൂടെ, അനേകായിരങ്ങളുടെ ആത്മബലിയിലൂടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിമത്ത നുകത്തില്‍ നിന്നും കഴുത്ത് ഊരിയെടുത്ത ഇന്ത്യക്കാരന്‍ പിന്നെയും എന്തിനാണാവോ ബക്കിംങ്ഹാമിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട എന്തും ഇന്ത്യന്‍ പത്രങ്ങള്‍ക്കു വാര്‍ത്തയാണ്. മലയാള മാധ്യമലോകവും അതില്‍ നിന്നും മുക്തമല്ല. ഉദാഹരണമായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് രാജകുമാരന്റെ ഭാര്യയായിരുന്ന ഡയാനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍. അവരുടെ അടിവസ്ത്രം ലേലത്തിന്റെ വാര്‍ത്ത വരെ യാതൊരു ഉളുപ്പുമില്ലാതെ ഇന്ത്യന്‍ മാധ്യമലോകം ആഘോഷിച്ചു.
അടുത്തിടെ അവരുടെ മകനും ഭാര്യയും ഇന്ത്യയില്‍ സ്വകാര്യ സന്ദര്‍ശനത്തിനു വന്നപ്പോള്‍  താജ്മഹല്‍ കാണാന്‍ പോയതു പോലും മാധ്യമലോകം ആഘോഷിച്ചു. ഡയാനയുടെ താജ്മഹല്‍ സന്ദര്‍ശനത്തെ അനുസ്മരിച്ചു കൊണ്ട് അമ്മയുടെ ഓര്‍മ്മയുടെ നിറവില്‍ എന്നാണ് മലയാളത്തിലെ ഒരു പ്രമുഖ പത്രം അടിക്കുറിപ്പ് നല്‍കിയത്.
മാധ്യമലോകം മാത്രമല്ല ഇവിടെ പ്രതിസ്ഥാനത്ത്. നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളും ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണ്. സന്ദര്‍ശകരെ മുഴുവന്‍ മാറ്റി നിര്‍ത്തിയാണ് വില്യമിനും ഭാര്യക്കും താജ്മഹലില്‍ പ്രദര്‍ശനത്തിനുളള സൗകര്യമൊരുക്കിയത്. പ്രധാനമന്ത്രിയുമൊത്തുളള വില്ല്യമിന്റെയും കൈറ്റിന്റേയും ഫോട്ടോക്കും കിട്ടി നല്ല വാര്‍ത്താപ്രാധാന്യം.
ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചു എന്നതില്‍ കവിഞ്ഞ എന്തു പ്രാധാന്യമാണ് അവര്‍ക്കും മക്കള്‍ക്കും അവകാശപ്പെടാനുളളത് ? ലോക ജനതക്ക്;  പോട്ടെ ബ്രിട്ടീഷ് ജനതക്ക് അവര്‍ നല്‍കിയ സംഭാവന എന്താണ്? ഇത്തരമൊരു സംവിധാനം ഒരു ജനാധിപത്യ സമൂഹത്തിനു ഭൂഷണമാണോ ? ബ്രിട്ടീഷ് സമൂഹത്തില്‍ തന്നെ നല്ലൊരു വിഭാഗം ഭാരിച്ച പാഴ്ചിലവ് സൃഷ്ടിക്കുന്ന ഈ സംവിധാനം എടുത്തു കളയണമെന്നാവശ്യപ്പെടുമ്പോഴാണ് നമ്മള്‍ ഈ ഫ്യൂഡല്‍ വിഴുപ്പ് പേറുന്നതെന്നോര്‍ക്കണം.
എന്തായിരിക്കാം ഈ ആരാധനാ മനോഭാവത്തിനു പിന്നില്‍. ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വീരാരാധനയുടെ സ്വാധ്വീനമാണോ? അങ്ങനെയെങ്കില്‍ ടിപ്പുസുല്‍ത്താന്‍, ഝാന്‍സിറാണി, ബഹദൂര്‍ ഷാ സഫര്‍  മുതല്‍ക്കുളള ദീരദേശാഭിമാനികളായ ഇന്ത്യന്‍ രാജാക്കന്‍മാരുടെ പിന്‍മുറക്കാര്‍ക്കു ഈ വാര്‍ത്താ പ്രാധാന്യം എന്തു കൊണ്ടു ലഭിക്കുന്നില്ല? അവിടെയാണ് നമ്മുടെ സര്‍ക്കാരുകളുടേയും മാധ്യമ ലോകത്തിന്റേയും  ഉളളിലുളള സാമ്രാജ്യത്വ വിധേയത്വത്തിന്റെ പൂച്ച് പുറത്തു ചാടുക. സ്വാതന്ത്യ പ്രാപ്തിയോടെ അടിമത്ത നുകത്തില്‍ നിന്നു രക്ഷപ്പെട്ടപ്പോഴും ബ്രിട്ടീഷ് രാജ്ഞി അധ്യക്ഷയായ കോമണ്‍വെല്‍ത്ത് യൂണിയനില്‍ അംഗമാകാന്‍ കാണിച്ച അതേ ദാസ്യമനോഭാവത്തിന്റെ വാല്‍ ഇപ്പോഴും ആടികൊണ്ടേയിരിക്കുകയാണ്.
Next Story

RELATED STORIES

Share it