ആചാരങ്ങളും വിശ്വാസങ്ങളും മാറ്റാനാവില്ല: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ പിന്തുടരുന്ന ആചാരങ്ങളും വിശ്വാസങ്ങളും മാറ്റാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നാണ് വിശ്വാസം. അതിനാല്‍ തന്നെ നൈഷ്ഠിക ബ്രഹ്മചാരിയുടെ വിശ്വാസങ്ങള്‍ കാത്തുസൂക്ഷിക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ട്. അതിനാല്‍ സുപ്രിംകോടതിയുടെ നിരീക്ഷണത്തിനാസ്പദമായ കേസില്‍ കക്ഷിചേരാന്‍ അഭിഭാഷകനെ ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്.
യൗവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തരുതെന്നത് വര്‍ഷങ്ങളായി പിന്തുടരുന്ന ആചാരമാണ്. ജസ്റ്റിസ് പരിപൂര്‍ണന്‍ 20 വര്‍ഷം മുമ്പ് പറഞ്ഞ വിധിയില്‍ എല്ലാം വ്യക്തമാക്കിയിട്ടുള്ളതാണ്. സ്ത്രീ-പുരുഷ തുല്യത ആവശ്യപ്പെട്ട് ചില വനിതാ അഭിഭാഷകരാണ് ഇപ്പോള്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുള്ളത്. ഈ കേസില്‍ എന്‍എസ്എസും അയ്യപ്പസേവാസംഘവും നേരത്തേ കക്ഷി ചേര്‍ന്നതാണ്.
കേസില്‍ ദേവസ്വം ബോര്‍ഡ് കക്ഷിചേര്‍ന്നിട്ടുണ്ടോയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അന്വേഷിച്ചപ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലായത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയില്‍ പോയി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദിനെ ചുമതലപ്പെടുത്തി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 2008ല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് എടുത്തത്. എങ്കിലും ഇക്കാര്യത്തല്‍ മുന്‍ സര്‍ക്കാരിനെയോ മുന്‍ ബോര്‍ഡിനെയോ താന്‍ കുറ്റപ്പെടുത്താനില്ല. ബന്ധപ്പെട്ടവര്‍ ഈ സംഭവം കുറേക്കൂടി ഗൗരവപൂര്‍വം കാണേണ്ടതായിരുന്നുവെന്നും പറഞ്ഞു.
Next Story

RELATED STORIES

Share it